കാവേരി കത്തുന്നു: ബംഗലൂരുവില്‍ പൊലിസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു
ബംഗലൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും കലാപം. ഇരു സംസ്ഥാനങ്ങളിലും വ്യാപക അക്രമം. ബംഗലൂരുവില്‍ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കെപിഎന്‍ ബസ് ഡിപ്പോയ്ക്ക് അക്രമികള്‍ തീയിട്ടു. 58 ബസുകള്‍ കത്തി നശിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി.
അക്രമികളെ പിരിച്ചുവിടാന്‍ ഹഗനപള്ളിയില്‍ പൊലിസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പൊലിസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.
ബംഗലൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അടച്ചു. ബംഗലൂരു- മൈസൂര്‍ റോഡ് അടച്ചു. മെട്രോ സര്‍വിസുകള്‍ ഭാഗികമായി തടസപ്പെട്ടു.
തമിഴ്‌നാട് കടകള്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തു. തമിഴ്‌നാട്ടിലേക്കുള്ള വാഹന സര്‍വിസുകള്‍ കര്‍ണാടക വിലക്കുന്നുണ്ട്. അതിര്‍ത്തിയില്‍ പൊലിസ് വാഹനങ്ങള്‍ തടയുകയും തിരിച്ചയയ്ക്കുകയുമാണ്.
ബംഗലൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു തമിഴ്‌നാട് ലോറികള്‍ക്ക് അജ്ഞാതര്‍ തീവച്ചു.
കെഎസ്ആര്‍ടിസി കര്‍ണാടക സര്‍വിസ് നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസിയുടെ 48 ബസുകള്‍ കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
സെപ്തംബര്‍ 20 വരെ തമിഴ്‌നാടിന് പ്രതിദിനം 12000 ക്യുസെക്‌സ് വെള്ളം വിട്ടു നല്‍കണമെന്ന സുപ്രിംകോടതി വിധി വന്നതോടെയാണ് അക്രമം രൂക്ഷമായത്. വിധി താല്‍ക്കാലികമായി കര്‍ണാടകയ്ക്ക് ആശ്വാസം പകരുന്നതാണെങ്കിലും വെള്ളം വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് കര്‍ണാടക.
അക്രമം ചെന്നൈയിലും തുടരുകയാണ്. കര്‍ണാടക ഹോട്ടലുകള്‍ അക്രമകാരികള്‍ അടിച്ചു തകര്‍ത്തു. പുതുച്ചേരിയില്‍ കാര്‍ണാടക ബാങ്കിനു നേരേയും ആക്രമണമുണ്ടായി. രാമേശ്വരത്ത് കര്‍ണാടകയുടെ രണ്ടു ടൂറിസ്റ്റ് ബസുകള്‍ക്കുനേരെ ആക്രമണമുണ്ടായി.
പ്രശ്‌നത്തില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യങ്ങല്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്.
തമിഴ്‌നാട്ടില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു.
നേരത്തെ കന്നഡ താരങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് തമിഴ് യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചിരുന്നു.
കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ സുപ്രീംകോടതി ഇളവുനല്‍കിയിരുന്നു.
തമിഴ്‌നാടിന് സെപ്തംബര്‍ 20 വരെ ദിവസവും 12000 ഘനയടി വെള്ളം നല്‍കിയാല്‍ മതിയെന്ന് കര്‍ണാടകത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
തര്‍ക്കത്തില്‍ കര്‍ണാടകയുടെ നിലപാടില്‍ സുപ്രിം കോടതി അതൃപ്തിയും രേഖപ്പെടുത്തി. തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവ് കര്‍ണാടക നടപ്പാക്കിയില്ല. ക്രമസമാധാനനില മുന്‍നിര്‍ത്തി ഉത്തരവില്‍ ഇടപെടില്ല. പുതിയ ഭേദഗതി സംസ്ഥാനങ്ങളുടെ ജലദൗര്‍ലഭ്യം പരിഗണിച്ചാണ്. കോടതി വിധികള്‍ക്കെതിരെ കോടതിയെ സമീപിക്കണം. നിയമം കയ്യിലെടുക്കരുതെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."