രാജ്യത്തേക്ക് കൂടുതൽ എൽ.പി.ജി, എണ്ണ കപ്പലുകൾ എത്തിത്തുടങ്ങി
ന്യൂഡൽഹി: ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപരം നിലച്ചതോടെ രാജ്യത്ത് രൂപപ്പെട്ട ഈർജ പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്ത് കൂടുതൽ കപ്പലുകൾ എത്തിത്തുടങ്ങി. റഷ്യൻ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പൽ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി. അക്വാ ടൈറ്റൻ എന്ന കപ്പലാണ് അറബിക്കടൽ തീരത്ത് നങ്കൂരമിട്ടത്. ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഈ കപ്പൽ, ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ മുൻനിർത്തി പാതിവഴിയിൽ ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ജനുവരി അവസാനം ബാൾട്ടിക് കടൽ തുറമുഖത്ത് പുറപ്പെട്ട ടാങ്കർ ആദ്യം ചൈനീസ് തുറമുഖമായ റിസാവോ ലക്ഷ്യമാക്കിയാണ് നീങ്ങിയത്. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് യു.എസിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ചതോടെ ഇന്ത്യ റഷ്യയെ സമീപിക്കുകയായിരുന്നു. മാർച്ച് പകുതിയോടെയാണ് ചൈനയിലേക്ക് പുറപ്പെട്ട റഷ്യൻ എണ്ണക്കപ്പൽ യു-ടേൺ ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചത്. ഇതിന് പിന്നാലെ ചൈനയിലേക്ക് പോകേണ്ടിയിരുന്ന ഏഴ് റഷ്യൻ എണ്ണക്കപ്പലുകൾ ഇപ്പോൾ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്.
രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിക്ക് പരിഹാരമായി അമേരിക്കയിലെ ടെക്സസിൽ നിന്നുള്ള വലിയൊരു എൽ.പി.ജി കപ്പലും മംഗളൂരുവിൽ എത്തി. യു.എസിലെ ടെക്സാസിൽ നിന്ന് പുറപ്പെട്ട പിക്സിസ് പയനിയർ കപ്പലാണ് ഇന്നലെ ന്യൂ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടത്. ആവശ്യമായ സുരക്ഷാ പരിശോധനകളും അൺലോഡിങ് നടപടികളും നിലവിൽ തുറമുഖത്ത് നടന്നുവരികയാണ്.
നിലവിൽ 611 ഇന്ത്യൻ നാവികരുള്ള 22 ഇന്ത്യൻ കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങികിടക്കുന്നുണ്ട്. എന്നാൽ ചില ഇന്ത്യൻ കപ്പലുകൾ ഹോർമൂസ് കടന്ന് ഇന്ത്യയിലെത്തിയിരുന്നു. സൂയസ്മാക്സ് സുസു എൻ എന്ന മറ്റൊരു കപ്പൽ മാർച്ച് 25ഓടെ ഗുജറാത്തിലെ സിക്ക തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."