വിവാഹ വാര്‍ഷികത്തില്‍ വലിയ മനസ്സുമായി കുഞ്ഞുസുര
വെങ്കിടങ്ങ്: പാവങ്ങളോടും അനാഥകളോടുമൊപ്പം ഇരുപത്തഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് പാടൂര്‍ അടാട്ടുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അന്തിക്കാട്ട് കുട്ടാപ്പുവിന്റെ മകന്‍ സുരേഷ് എന്ന സുര. തെങ്ങുകയറ്റത്തൊഴിലാളിയായ സുരയെ വളരെ പൊക്കം കുറഞ്ഞതിനാല്‍ കുഞ്ഞു സുരയെന്നാണ് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
വിവാഹ വാര്‍ഷിക സമ്മാനമായി 105 കുടുംബങ്ങള്‍ക്ക് അരിയും യോഗിനി ബാലികാ സദനത്തിലെ അനാഥ കുട്ടികള്‍ക്ക് ഓണക്കോടിയും നല്‍കിയാണ് ആഘോഷിച്ചത്. വിവാഹം കഴിഞ്ഞ് 25 വര്‍ഷമായെങ്കിലും സുരക്കും ഭാര്യ ഉഷക്കും ഇതുവരെ മക്കളില്ല. തങ്ങളുടെ ചെറിയ സമ്പാദ്യം കൂട്ടിവെച്ചു കൊണ്ടാണ് സുരയും കുടുംബവും ഈ സല്‍പ്രവര്‍ത്തിക്കുള്ള തുക കണ്ടെത്തിയത്. നല്ലൊരു ഈശ്വര ഭക്തന്‍ കൂടിയായ സുര എല്ലാ വര്‍ഷവും ശബരിമല സന്ദര്‍ശനം നടത്തുന്ന വേളയില്‍ വിപുലമായ അന്നദാനം നടത്താറുണ്ട്. ഈ മാസം 18 ന് വെങ്കിടങ്ങ് യോഗിനി ബാലിക സദനത്തില്‍ 50 കിലോ അരിയും മറ്റു സാധനങ്ങള്‍ കൊടുത്ത് ഓണസദ്യയും നടത്തുന്നുണ്ട്. കഴിയുന്നിടത്തോളം കാലം കഠിനാധ്യാനത്തിലൂടെ തങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലത്തില്‍ നല്ലൊരു തുക ഇത്തരം മഹനീയമായ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന ആഗ്രഹത്തിലാണ് കുഞ്ഞു സുരയും ഭാര്യ ഉഷയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."