ഉമ്മൻചാണ്ടിയും വി.എസും ഹൈദരലി തങ്ങളും ഇല്ലാതെ...അഞ്ചു വർഷത്തിനിടെ വിടവാങ്ങിയത് ഒട്ടേറെ പ്രമുഖ നേതാക്കൾ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ ഓർമകളിൽ നിറഞ്ഞ് മുൻ തെരഞ്ഞെടുപ്പുകളെ നയിച്ച നേതാക്കൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയും വി.എസ് അച്യുതാനന്ദനും അടക്കം നിരവധി നേതാക്കളാണ് വിട്ടുപിരിഞ്ഞത്. മുസ് ലിം ലീഗിനും സി.പി.എമ്മിനും സി.പി.ഐക്കും സംസ്ഥാനത്തെ നായകരെ നഷ്ടപ്പെട്ടതും കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യതയുടെ പ്രതിരൂപമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷപദവിയിൽ ഇരിക്കുമ്പോഴായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും കാനം രാജേന്ദ്രന്റെയും അപ്രതീക്ഷിത വിയോഗത്തിനും കേരളം സാക്ഷിയായി.
ഉമ്മൻചാണ്ടിയെ കൂടാതെ മൂന്ന് സിറ്റിങ് എം.എൽ.എമാർ കൂടി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിടവാങ്ങി. പി.ടി തോമസ്, കാനത്തിൽ ജമീല, വാഴൂർ സോമൻ എന്നിവരാണ് നിയമസഭയിലും രാഷ്ട്രീയവേദികളിലും സജീവമായിരിക്കെ അരങ്ങൊഴിഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽ ഗവർണറും മുൻ മന്ത്രിയും യു.ഡി.എഫ് കൺവീനറുമായിരുന്ന കെ. ശങ്കരനാരായണൻ, മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന സി.വി പത്മരാജൻ, വക്കം പുരുഷോത്തമൻ, യു.ഡി.എഫ് കൺവീനറും മന്ത്രിയുമായിരുന്ന പി.പി തങ്കച്ചൻ, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ. കുട്ടി അഹമ്മദ് കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.പി ഗോവിന്ദമേനോൻ, എം.ടി പത്മ, കെ. ശങ്കരനാരായണ പിള്ള എന്നിവരും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മുൻ എം.എൽ.എമാരും സി.പി.എം നേതാക്കളുമായിരുന്ന എം.എം ലോറൻസ്, ആനത്തലവട്ടം ആനന്ദൻ എന്നിവരും ഓർമയായി.
കഴിഞ്ഞതവണ പുതുപ്പള്ളിയിൽ മത്സരിച്ച് സഭയിലെത്തിയ ഉമ്മൻചാണ്ടിയുടെ അന്ത്യം 2023 ജൂലൈ 18നായിരുന്നു. അനാരോഗ്യത്തിന്റെ അവശതകൾക്കിടയിലും 2021ലെ തെരഞ്ഞെടുപ്പ് വേളയിൽ കേരളമൊന്നാകെ ഓടിയെത്തി പ്രചാരണം നടത്താൻ ഉമ്മൻചാണ്ടി മുന്നിലുണ്ടായിരുന്നു.
2025 ജൂലൈയിലാണ് വി.എസ് അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമയായത്. മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുമുന്നണിയുടെ താരപ്രചാരകനായിരുന്ന വി.എസ് പക്ഷാഘാതത്തെ തുടർന്ന് വിശ്രമത്തിലായിരുന്നതിനാൽ 2021ൽ പ്രചാരണത്തിന് ഇറങ്ങാനായില്ല.
2022 മാർച്ച് ആറിനാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം. മുസ് ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനമടക്കം നിർണായക തീരുമാനങ്ങളുടെ താക്കോൽസ്ഥാനം തങ്ങൾക്കായിരുന്നു. തെരഞ്ഞെടുപ്പായാൽ ഹൈദരലി തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങാൻ യു.ഡി.എഫ് സ്ഥാനാർഥികളെല്ലാം പാണക്കാട്ട് എത്തുമായിരുന്നു. പ്രചാരണത്തിൽ തങ്ങളുടെ സാന്നിധ്യം യു.ഡി.എഫ് സ്ഥാനാർഥികളെല്ലാം ഏറെ ആഗ്രഹിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ 2022 ഒക്ടോബർ ഒന്നിനാണ് അന്തരിച്ചത്. പാർട്ടിയിലെ ക്രൈസിസ് മാനേജറായ കോടിയേരിയുടെ അഭാവം സി.പി.എം ഏറെ തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്.
പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ നിന്നടക്കം പ്രമുഖ നേതാക്കൾ കൊഴിഞ്ഞുപോയപ്പോൾ കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് കരുതുന്ന ഒട്ടേറെ നേതാക്കൾ സി.പി.എമ്മിലുണ്ട്.
നിലപാടിന്റെ കരുത്തുമായി സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ 2023 ഡിസംബർ എട്ടിനാണ് വിട വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."