സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികളുടെ ദാരുണാന്ത്യം: ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
ബെംഗളൂരു: നഗരത്തിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികളെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബ തർക്കങ്ങളെത്തുടർന്ന് ഭർത്താവ് ഭാനു ചന്ദർ റെഡ്ഡി കുന്ത കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ ബിബി ഷാസിയ സിറാജ് അതേ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി.
സംഭവം നടന്നത് ഇങ്ങനെ:
ഐബിഎമ്മിലെ (IBM) ഉദ്യോഗസ്ഥയായ ഷാസിയ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോൾ കിടപ്പുമുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഷാസിയ അയൽക്കാരെയും സെക്യൂരിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് ഇവർ ചേർന്ന് വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് ഭാനു ചന്ദറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ തകർന്നുപോയ ഷാസിയ, ആരും തടയുന്നതിന് മുൻപ് തന്നെ കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് ഓടിപ്പോകുകയും താഴേക്ക് ചാടുകയുമായിരുന്നു.
വിവാഹം കഴിഞ്ഞ് ഒമ്പത് വർഷം
മരിച്ച ഭാനു ചന്ദറും ഷാസിയയും ഒമ്പത് വർഷം മുൻപാണ് വിവാഹിതരായത്. ഇതിനുമുമ്പ് ഇരുവരും ദീർഘകാലം ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എന്നാൽ വിവാഹശേഷം ഇവർക്കിടയിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് അയൽവാസികൾ നൽകുന്ന വിവരം.
അന്വേഷണം ആരംഭിച്ചു
തെലങ്കാനയിലെ ഇവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."