അരീക്കോട്ടെ അരുംകൊല; 13 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ
അരീക്കോട്: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിൽ മുക്കിക്കൊന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിന് ശേഷം പൊലിസ് അറസ്റ്റ് ചെയ്തു. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ (46)യാണ് ബംഗളുരുവിൽ നിന്ന് പൊലിസ് പിടികൂടിയത്. ഇയാളുടെ ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (നാല്), ഹൈഫ (രണ്ട്) എന്നിവരെയാണ് അരുംകൊലചെയ്തത്. പെരുന്നാളിന് പുതുവസ്‌ത്രങ്ങൾ എടുത്ത് സ്‌കൂട്ടറിൽ വരുമ്പോൾ വെള്ളക്കെട്ടിലേക്കു സ്‌കൂട്ടർ ഇടിച്ചിറക്കി ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു. 2013 ജൂലൈ 21നു രാത്രി രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല.
രണ്ടു മക്കളുള്ള കൊൽക്കത്ത സ്വദേശിനിയെ വിവാഹം കഴിച്ചു വേഷം മാറി കഴിയുന്നതിനിടയിലാണു പ്രതി പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലാകുന്നത്. 72 ദിവസത്തെ ജയിൽ വാസത്തിനുശേഷം ജാമ്യം ലഭിച്ച മുഹമ്മദ് ഷരീഫ് വിചാരണ തുടങ്ങാനിരിക്കെ 2015ലാണു മുങ്ങിയത്. ബംഗളുരുവിൽ രാത്രി സമയങ്ങളിൽ മാത്രം യൂബർ ടാക്‌സി ഓടിക്കുകയായിരുന്നു പ്രതി. താടിവച്ചു വേഷം മാറി പേര് മുഹമ്മദ് യൂസുഫ് ഷരീഫ് എന്നാക്കിയും രണ്ടു കുട്ടികളുള്ള കൊൽക്കത്ത സ്വദേശിനിയുടെ കൂടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
2013 ജൂലൈയിൽ പെരുന്നാളിനു തൊട്ടടുത്ത ദിവസമായിരുന്നു കൂട്ടക്കൊല. ഭാര്യയുടെ പേരിൽ എടുത്ത പത്തു ലക്ഷം രൂപയുടെ ഇൻഷൂറൻസ് പോളിസി തട്ടിയെടുത്തു പുതിയ വിവാഹം കഴിച്ചു സ്വർണവും പണവും സ്വന്തമാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നു പൊലിസ് കണ്ടെത്തി. പിന്നീട് മുങ്ങുകയായിരുന്നു. ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസയുടെ നിർദേശ പ്രകാരം കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
നാട്ടുകാരെ അറിയിച്ചത് മരണം ഉറപ്പാക്കിയ ശേഷം
കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ ആലുക്കൽ - മണൽകടവ് റോഡിനു ചേർന്ന പാടത്തെ വെള്ളക്കെട്ടിലേക്ക് ഇടിച്ചിറക്കി ഭാര്യയും മക്കളും മരിച്ചെന്നു ഉറപ്പാക്കിയ ശേഷമാണ് അപകട വിവരം മുഹമ്മദ് ഷരീഫ് തൊട്ടടുത്ത വീട്ടിൽ അറിയിച്ചത്. മുങ്ങി മരിച്ച രണ്ടു വയസുള്ള മകൾ ഹൈഫയെയുമെടുത്താണു ഷരീഫ് സമീപത്തെ വീട്ടിലേക്ക് എത്തിയത്. ദുരൂഹത തോന്നി നടത്തിയ അന്വേഷണത്തിലാണു കൊലപാതകം ആസൂത്രിതമായിരുന്നുവെന്നു പൊലിസ് തെളിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."