വോട്ടിങ് യന്ത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്ഥാനാര്‍ഥികളും; അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പോളിങ് കേന്ദ്രങ്ങളില്‍ നിന്നെത്തിച്ച ബാലറ്റ് യൂനിറ്റുകള്‍ക്ക് ഇനി സ്ഥാനാര്‍ഥികളുടെ സുരക്ഷയും. സ്‌ട്രോങ് റൂമുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ സുരക്ഷയ്ക്ക് പുറമെയാണ് സ്ഥാനാര്‍ഥികള്‍ക്കോ പ്രതിനിധികള്‍ക്കോ സുരക്ഷ ഒരുക്കാന്‍ കഴിയുക.
ഇതിന് അനുമതി നല്‍കി എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സുരക്ഷ ഒരുങ്ങുന്നത്.
മുന്‍പ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവല്‍ അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത, സുതാര്യത, വിശ്വാസ്യത എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനും കൃത്രിമത്വത്തിനോ ക്രമക്കേടിനോ സാധ്യതയില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് കമ്മിഷന്‍ നടപടി.
സ്ഥാനാര്‍ഥികള്‍ നിശ്ചയിക്കുന്ന പ്രതിനിധിക്കാണ് സുരക്ഷ നിരീക്ഷണത്തിന് അവസരം നല്‍കുന്നത്. നിലവില്‍ കേന്ദ്ര-സംസ്ഥാന സേനകളുടെ കാവല്‍ സ്‌ട്രോങ് റൂമുകള്‍ക്കുണ്ട്. ഇതിന് പുറമെ സിസിടിവി നിരീക്ഷണവുമുണ്ട്. ഇത്തരം ത്രിതല സുരക്ഷ സംവിധാനം നിലവിലുള്ളതിന് പുറമെയാണ് സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."