അനധികൃത സ്വത്ത് സമ്പാദനം: വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരേ വിജിലന്‍സ് കേസെടുക്കും
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരേ വിജിലന്‍സ് കേസെടുക്കും. അരുണ്‍കുമാറിനെതിരേ കേസെടുക്കാമെന്ന നിയമോപദേശം ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിന്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അന്വേഷണം തുടരുകയും അരുണ്‍കുമാറിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പ്രാഥമിക അന്വേഷണമാണ് പൂര്‍ത്തിയായത്. കേസെടുത്തായിരിക്കും തുടരന്വേഷണം നടത്തുക.
ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായിരിക്കെ ലണ്ടന്‍, മക്കാവു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് അരുണ്‍കുമാര്‍ നടത്തിയ യാത്രകളും ആരോപണത്തിനിടയാക്കിയിരുന്നു. ഇതോടൊപ്പം കയര്‍ഫെഡിന്റെ എം.ഡി സ്ഥാനത്തിരുന്നപ്പോഴുള്ള ക്രമക്കേടുകളും അന്വേഷിച്ചിരുന്നു. അരുണിന്റെ സ്വത്തും വിദേശയാത്രക്ക് ചെലവായ തുകയും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്.പി രാജേന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1999-2001 കാലഘട്ടത്തില്‍ അരുണ്‍കുമാര്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ ഗോഡൗണ്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് 41 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് മറ്റൊരു പരാതി. 4.5 കോടി രൂപയുടെ ഗോഡൗണ്‍ നിര്‍മിക്കാന്‍ 3.5 ശതമാനം കണ്‍സള്‍ട്ടന്‍സി നിരക്കില്‍ ബന്ധുവായ ആര്‍.കെ രമേശിനെ അരുണ്‍കുമാര്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
ഇതിന് പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയറുടെ സാങ്കേതികാനുമതി തേടിയിരുന്നില്ല. കൂടാതെ അരുണ്‍കുമാര്‍ നടത്തിയ യാത്രകള്‍ പലതും സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിമാന ടിക്കറ്റ്, യാത്ര, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ പരിധിയില്‍ കവിഞ്ഞതാണെന്നും ടിക്കറ്റിന്റെ പൂര്‍ണവിവരം കിട്ടാത്തതിനാല്‍ ശരാശരി തുകയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. എഫ്.ഐ.ആര്‍ ഇട്ട് തുടരന്വേഷണം നടത്തിയാല്‍ ഈ രേഖകള്‍ പിടിച്ചെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. അരുണ്‍കുമാറിനു ലഭിച്ചിരുന്ന ശമ്പളവും ഡോക്ടറായ ഭാര്യയുടെ വരുമാനവും വിജിലന്‍സ് പരിശോധിച്ചിരുന്നു. ഇതില്‍ വരവും ചെലവും തമ്മില്‍ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ഐ.എച്ച്.ആര്‍.ഡിയില്‍ അനധികൃത സ്ഥാനക്കയറ്റം ലഭിച്ചതുസംബന്ധിച്ച് അരുണ്‍കുമാറിനെതിരേ നേരത്തേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമസഭാ സമിതിയും ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 2011ല്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പരാതിയിലും വിജിലന്‍സ് അന്വേഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."