തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും റോബോട്ടുകളും
തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ പതിമൂന്ന് മരണമെന്ന് സ്ഥിരീകരണം. പൊലിസ് കമ്മിഷണറും മെഡിക്കൽ കോളേജ് സൂപ്രണ്ടും ആണ് മരണം സ്ഥിരീകരിച്ചത്. 23 പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചു പേരുടെ നില അതീവഗുരുതരമാണ്. ഏഴ് പേരുടെ മൃതദേഹങ്ങളും അഞ്ച് പേരുടെ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി.
അതീവ ഗുരുതരാവസ്ഥയിലായ രണ്ടു പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. നിലവിൽ പതിമൂന്ന് പേരാണ് ചികിത്സയിലുള്ളത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങൾ അറിയാൻ തൃശൂർ മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ: 8075011853
തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പുരയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ. പരുക്കേറ്റ എല്ലാവരും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണശാലയിലാണ് ഇന്ന് വൈകുന്നേരത്തോടെ സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തിന് പിന്നാലെ നിർത്താതെ തുടർച്ചയായുണ്ടായ പൊട്ടിത്തെറികൾ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. തീ അണയ്ക്കാൻ റോബോട്ടുകളെ രംഗത്തിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് മേധാവി നിധിൻ അഗർവാൾ വ്യക്തമാക്കി. സ്ഫോടനം നടന്ന മേഖലയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഡ്രോൺ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടർസ്ഫോടനങ്ങൾ നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടാണ് റോബോട്ടുകളെയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്താൻ തീരുമാനിച്ചതെന്ന് നിധിൻ അഗർവാൾ വ്യക്തമാക്കി.
പാടശേഖരത്തിന് നടുവിൽ ഒറ്റപ്പെട്ട സ്ഥലത്താണ് നിർമ്മാണശാല സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ വഴികൾ കാരണം ഫയർഫോഴ്സ് വാഹനങ്ങൾക്ക് സംഭവസ്ഥലത്തേക്ക് എത്തുന്നതിന് തടസ്സമുണ്ടായി. ഒടുവിൽ സമീപത്തെ മതിൽ തകർത്താണ് അഗ്നിശമന സേനാംഗങ്ങൾ ഉള്ളിലേക്ക് കടന്നത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ ദൂരത്തോളം അനുഭവപ്പെട്ടു. മൃതദേഹങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.
ആരോഗ്യവകുപ്പിന്റെ ഇടപെടൽ
പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില അതീവ ഗുരുതരമാണ്. മെഡിക്കൽ കോളേജിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
അപകടസമയത്ത് ഏകദേശം 40-ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലിസും ഫയർഫോഴ്‌സും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.
The Fire Force Chief, Nitin Agarwal, has announced that drones and robots will be deployed to assist in rescue operations following a massive explosion at a fireworks manufacturing unit in Mundathikkode, Thrissur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."