കോടാലിയിൽ വീണ്ടും നടുക്കം: പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി; ഇതുവരെ പിടികൂടിയത് നാലെണ്ണത്തിനെ
തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ ആൽജോ മരിച്ച വീടിനുള്ളിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. കുട്ടികൾ ഉറങ്ങിയിരുന്ന കിടപ്പുമുറിയിൽ നിന്നാണ് ഇന്നും പാമ്പിനെ കണ്ടെത്തിയത്. ഇന്നലെയും ഇവിടെ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. കുട്ടിയെ കടിച്ച അതേ 'ശംഖുവരയൻ' (Krait) ഇനത്തിൽപ്പെട്ട പാമ്പുകളെത്തന്നെയാണ് നാലു തവണയും വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും.
അനോഷിന്റെ ആരോഗ്യനിലയിൽ വൻ പുരോഗതി
ആൽജോയുടെ സഹോദരനും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നതുമായ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. അനോഷ് അച്ഛനോടും അമ്മയോടും സംസാരിക്കുകയും വീട്ടിലുള്ളവരുമായി വീഡിയോ കോളിൽ ബന്ധപ്പെടുകയും ചെയ്തു.
മരുന്നുകളോട് കുട്ടി വേഗത്തിൽ പ്രതികരിച്ചത് ഗുണകരമായി. അനോഷിനെ ഇപ്പോൾ എഴുന്നേൽപ്പിച്ച് നിർത്താൻ സാധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പാമ്പിൻ കുഞ്ഞുങ്ങൾക്കായി തെരച്ചിൽ; വീടിന് ചുറ്റും തീയിട്ടു
വീടിനുള്ളിൽ തുടർച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തിൽ വനംവകുപ്പ് കർശന നടപടികൾ ആരംഭിച്ചു.വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ വീടിന് ചുറ്റും തീയിട്ട് പരിശോധന നടത്തി.കൂടുതൽ പാമ്പുകൾ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീം വീടും പരിസരവും വിശദമായി പരിശോധിക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; പൊലിസിന് പിഴച്ചു
ആൽജോയുടെ മരണകാരണം പാമ്പുകടിയേറ്റത് തന്നെയാണെന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ ശംഖുവരയന്റെ കടിയേറ്റാൽ മുറിവോ പാടുകളോ കാണാത്തതിനാൽ പൊലിസിന് തിരിച്ചറിയാൻ സാധിച്ചില്ല. ഫോറൻസിക് പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്.
ദുരന്തം സംഭവിച്ചത് ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് രാത്രി അമ്മയോടൊപ്പം തറയിൽ കിടന്നുറങ്ങുകയായിരുന്ന ആൽജോയ്ക്കും അനോഷിനും അസ്വസ്ഥത അനുഭവപ്പെട്ടത്. വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ ഭക്ഷണത്തിന്റെ പ്രശ്നമാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വന്നതോടെ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഡോക്ടർമാരാണ് പാമ്പുകടിയേറ്റതാണെന്ന് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്ന് ആദ്യത്തെ പാമ്പിനെ കണ്ടെത്തിയത്. മിനിറ്റുകൾക്കകം ആൽജോ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."