യൂറോപ്പില്‍ ഗോള്‍ മഴ; മെസ്സിയ്ക്കും അഗ്യെറോയ്ക്കും ഹാട്രിക്ക്
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് വമ്പന്‍ ടീമുകള്‍ ഗോള്‍ മഴയോടെ തുടക്കമിട്ടു. മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് സെല്‍റ്റിക്കിനെയും ബയേണ്‍ മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് റോസ്റ്റോവിനേയും ബൊറൂസിയ ഡോര്‍ട്മുണ്ട് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ലെഗിയ വേര്‍സ്വയേയും മാഞ്ചസ്റ്റര്‍ സിറ്റി 4-0ത്തിനു ബൊറൂസിയ മോണ്‍ചന്‍ ഗ്ലെഡ്ബാചിനേയും തകര്‍ത്തു. നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ലെയ്സ്റ്റര്‍ സിറ്റി, മൊണാക്കോ, നാപോളി ടീമുകളും വിജയം കണ്ടു. കരുത്തരായ ആഴ്‌സണല്‍- പി.എസ്.ജി പോരാട്ടം 1-1നും യുവന്റസ്- സെവിയ്യ പോരാട്ടം ഗോള്‍രഹിതവുമായി സമനിലയില്‍ പിരിഞ്ഞു.
ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവിലാണ് ബാഴ്‌സലോണ സെല്‍റ്റിക്കിനെ 7-0നു മുക്കിയത്. മൂന്ന്, 27, 60 മിനുട്ടുകളിലാണ് മെസ്സിയുടെ ഗോളുകള്‍ പിറന്നത്. ലൂയീസ് സുവാരസ് ഇരട്ട ഗോളുകള്‍ നേടി. 75, 88 മിനുട്ടുകളിലാണ് സുവാരസിന്റെ ഗോളുകള്‍. 50ാം മിനുട്ടില്‍ നെയ്മറും 59ാം മിനുട്ടില്‍ ഇനിയെസ്റ്റയും ഗോളുകള്‍ നേടി.
ജോഷ്വ കിമ്മിച് ഇരട്ട ഗോളുകളുമായി തിളങ്ങിയ പോരാട്ടത്തിലാണ് ബയേണിന്റെ വിജയം. റോസ്റ്റോവിനെതിരേ 28ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 45ാം മിനുട്ടില്‍ മുള്ളറും 53, 60 മിനുട്ടുകളില്‍ കിമ്മിചും 90ാം മിനുട്ടില്‍ പകരക്കാരന്‍ ബെര്‍ണാടും ഗോളുകള്‍ നേടി.
മാഞ്ചസ്റ്റര്‍ സിറ്റി സെര്‍ജിയോ അഗ്യെറോയുടെ ഹാട്രിക്ക് മികവിലാണ് ജര്‍മന്‍ ക്ലബ് ബൊറൂസിയ മോണ്‍ചന്‍ഗ്ലെഡ്ബാചിനെ 4-0നു കീഴടക്കിയത്. എട്ട്, 28 (പെനാല്‍റ്റി), 77 മിനുട്ടുകളിലായിരുന്നു അഗ്യെറോയുടെ ഗോളുകള്‍. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടില്‍ കെലെചി ഇഹനാച്ചോ സിറ്റിയുടെ നാലാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.
ഗ്രൂപ്പ് എഫില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണബുവില്‍ സ്‌പോര്‍ടിങിനെതിരേ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് 2-1നു വിജയം പിടിച്ചെടുക്കുകയായിരുന്നു. 47ാം മിനിറ്റില്‍ ബ്രൂണൊ സീസറിലൂടെ മുന്നില്‍ കടന്ന സ്‌പോര്‍ടിങിനെ 89ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെ റയല്‍ സമനിലയില്‍ പിടിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടില്‍ അല്‍വാരൊ മൊറാറ്റ റയലിനു വിജയം സമ്മാനിക്കുകയായിരുന്നു.
സോള്‍ ആദ്യ പകുതി തീരുന്നതിന്റെ തൊട്ടുമുന്‍പ് നേടിയ ഒറ്റ ഗോളിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പി.എസ്.വി ഐന്തോവാനെതിരേ വിജയം കണ്ടത്.
എവേ മത്സരത്തിലാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് 6-0ന് ലെഗിയ വേര്‍സ്വയെ കീഴടക്കിയത്. മരിയോ ഗോട്‌സ്, പപസ്തപൗലസ്, ബര്‍ത്ര, ഗുരേരോ, കാസ്‌ട്രോ, ഔബമയേങ് എന്നിവരാണ് ബൊറൂസിയക്കായി വല ചലിപ്പിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെയ്സ്റ്റര്‍ സിറ്റി എവേ പോരാട്ടത്തില്‍ 3-0നു ക്ലബ് ബ്രൂഗയെയാണ് പരാജയപ്പെടുത്തിയത്. മൊണാക്കോ 2-1ന് ടോട്ടനത്തെ കീഴടക്കി ആദ്യ ജയം ആഘോഷിച്ചു. നാപോളി ഇതേ സ്‌കോറിനു ഡൈനാമോ കീവിനെ പരാജയപ്പെടുത്തി.
കളി തുടങ്ങി ഒന്നാം മിനുട്ടിനുള്ളില്‍ തന്നെ ഗോള്‍ കണ്ടെത്തി ഞെട്ടിച്ച പാരിസ് സെന്റ് ജര്‍മെയ്‌നെതിരേ രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍ സമനില പിടിച്ചാണ് ആഴ്‌സണല്‍ രക്ഷപ്പെട്ടത്. കളിയുടെ തുടക്കത്തില്‍ കവാനിയാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയത്. എന്നാല്‍ 77ാം മിനുട്ടില്‍ അലക്‌സിസ് സാഞ്ചസ് ഗണ്ണേഴ്‌സിനു സമനില സമ്മാനിച്ചു.
പോര്‍ട്ടോ- കോബന്‍ഹഗന്‍, ബെന്‍ഫിക്ക- ബെസിക്ടസ്, ബാസല്‍- ലുഡൊഗോററ്റ്‌സ് പോരാട്ടങ്ങള്‍ 1-1നും ബയര്‍ ലെവര്‍കൂസന്‍- സി.എസ്.കെ.എ മോസ്‌കോ 2-2നുംസമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."