സംസ്ഥാന ഹജ്ജ് ക്യാംപ് നാളെ മുതൽ; ആദ്യ വിമാനം 30ന്
മലപ്പുറം: സംസ്ഥാന ഹജ്ജ് ക്യാംപ് നാളെ മുതൽ കൊച്ചിയിൽ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം 30ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയിൽനിന്ന് പുറപ്പെടും. 430 തീർഥാടകരുമായി ജിദ്ദയിലേക്കാണ് ആദ്യ വിമാനം പറക്കുക. ഫ്ളൈനാസ് എയർലൈൻസാണ് കൊച്ചിയിൽനിന്ന് സർവിസ് നടത്തുന്നത്. 430 പേർക്ക് യാത്ര ചെയ്യാവുന്ന 20 സർവിസുകളാണ് കൊച്ചിയിൽനിന്നുള്ളത്. 30 മുതൽ മെയ് 8 വരെ 17 നോർമൽ സർവിസുകളും മെയ് 17 മുതൽ 19 വരെ മൂന്ന് ഷോർട്ട് ഹജ്ജ് സർവി സുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിൽനിന്ന് 13,194 പേരാണ് ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 7,943 പേർ കൊച്ചിയിൽനിന്നും 4,279 പേർ കണ്ണൂരിൽനിന്നും 944 പേർ കോഴിക്കോടുനിന്നുമാണ് യാത്രതിരിക്കുന്നത്.
കേരളത്തിൽനിന്നുള്ള 28 പേർ മറ്റ് സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ കേന്ദ്രങ്ങളിൽനിന്നാണ് പോകുന്നത്.
കേരളത്തിനു പുറമെ ലക്ഷദ്വീപ് (107), പോണ്ടിച്ചേരി (39), തമിഴ്നാട് (263), കർണാടക (239), ഉത്തർപ്രദേശ് (5), മഹാരാഷ്ട്ര (2), തെലങ്കാന (2)എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരും കേരളത്തിലെ എംബാർക്കേഷൻ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."