സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യു.എസും ഇറാനും സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവരാണ് ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് ഉന്നത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജനീവയിൽ വച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക.
കരാറിൽ ഒപ്പുവെച്ച കാര്യം ട്രംപും വാൻസും സ്ഥിരീകരിച്ചു. "കരാർ ഒപ്പുവെക്കപ്പെട്ടു"- ഫ്രാൻസിൽ ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന് ഇനി ന്യൂക്ലിയർ ആയുധം ഉണ്ടാകില്ലെന്നും ഭാഗികമായി തുറന്ന ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂർണമായി തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഇതായിരുന്നു ട്രംപിന്റെ മറുപടി. "ഞാൻ ഉണ്ടാകാം, ചിലപ്പോൾ ഉണ്ടാകില്ല. പക്ഷേ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അതിനുവേണ്ടി മാത്രമായി നിയോഗിക്കപ്പെടും". കരാറിന്റെ പൂർണരൂപം വെള്ളിയാഴ്ചക്കു ശേഷം പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ലബനാനിൽ നിന്നുള്ള ഇസ്രാഈലിന്റെ പിന്മാറ്റം യു.എസും ഇറാനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമല്ലെന്നു ഉന്നത യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇറാൻ നിരുപാധികമായി കീഴടങ്ങണമെന്ന ആവശ്യത്തിൽനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയോ എന്ന് ചോദ്യത്തിന്, 'ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുക എന്നതാണ് ഈ കരാറിലൂടെ അടിസ്ഥാനമായി സംഭവിക്കുക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നെ എണ്ണവില ഗണ്യമായി കുറഞ്ഞിരിക്കുന്നത് നിങ്ങൾ കണ്ടില്ലേ?' എന്നായിരുന്നു ജെ.ഡി. വാൻസിന്റെ പ്രതികരണം. ഇറാനുമായുള്ള കരാർ അന്തിമമാക്കിയതിന് ശേഷം ട്രംപ് ലോകനേതാക്കളുമായി ചർച്ച നടത്തും.
അതേസമയം, കരാറിനെ തള്ളിക്കൊണ്ട് ഇസ്രാഈൽ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. കരാർ സംബന്ധിച്ച് ഇസ്രാഈലിന്റെ ഔദ്യോഗിക പ്രതികരണം എത്തിയിട്ടില്ല. എന്നാൽ, ചർച്ചകളിലും പോരാട്ടത്തിലും ഇറാൻ വിജയിച്ചതിന്റെ തെളിവാണ് ഇസ്രാഈലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആശങ്കകളെന്ന് ഇറാൻ പ്രസിഡന്റ് മസീദ് പെസെഷ്‌കിയാൻ പ്രതികരിച്ചു. ചർച്ചകളിൽ പങ്കെടുത്ത ഇറാനിയൻ പ്രതിനിധികളേയും ഇറാൻ സൈനിക വിഭാഗങ്ങളേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."