സ്റ്റാലിൻ കൊലപാതകങ്ങളുടെ ചക്രവർത്തി; കമ്മ്യൂണിസ്റ്റ് ആചാര്യനെതിരേ സി.പി.ഐ നേതാവ്
കോഴിക്കോട്: സോവിയറ്റ് ഭരണാധികാരിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ജോസഫ് സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തിയായി വിശേഷിപ്പിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. തിരൂരങ്ങാടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ അജിത് കൊളാടി എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലാണ് സ്റ്റാലിനെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും കൂട്ടത്തിൽപ്പെടുത്തി ഘാതക ചക്രവർത്തി എന്ന് വിശേഷിപ്പിച്ചത്.
ഞായറാഴ്ചത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ച 'അതിരില്ലാത്ത അറിവില്ലായ്മയ്ക്ക് പ്രണാമം' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സ്റ്റാലിനെപ്പറ്റി പരാമർശം നടത്തിയിട്ടുള്ളത്. ലേഖനത്തിന്റെ തുടക്കത്തിലാണ് ഈ പരാമർശമുള്ളത്. 'അധികാരത്തിനും കിട്ടിയ അധികാരം നിലനിർത്താനും സ്വേച്ഛാധിപതികൾ ചെയ്യാൻ മടിക്കുന്ന ഒരു പാതകവും മനുഷ്യൻ ഇന്നോളം കണ്ടുപിടിച്ചിട്ടില്ല. പ്രവാചകന്മാരും ഗാന്ധിജിയും മണ്ടേലയും മറ്റും മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണെങ്കിൽ, ലോകത്തിലെ ഘാതക ചക്രവർത്തിമാരാണ് ചെങ്കിസ്ഖാൻ, ലിയോ പോൾ രണ്ടാമൻ, പോൾ പോട്ട്, ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ, കിം ഇൽ സങ് തുടങ്ങിയവർ. അക്കൂട്ടത്തിൽപ്പെടുന്നു വർത്തമാനകാലത്ത് ഡൊണാൾഡ് ട്രംപ്, നെതന്യാഹു, വ്ലാദിമിർ പുടിൻ, നരേന്ദ്ര മോദി, എർദോഗാൻ, വിക്ടർ ഓർ ബൻ തുടങ്ങിയവർ. ഇവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ സാമ്യമില്ല. ബഹുവിധത്തിലുള്ള വേഷങ്ങൾ അണിഞ്ഞാണിവർ പ്രത്യക്ഷപ്പെടുക' ഇങ്ങനെയാണ് ലേഖനത്തിൽ പറയുന്നത്.
അജിത് കൊളാടിയുടെ ലേഖനത്തിൽ വിശദീകരണവുമായി സി.പി.ഐ രംഗത്തെത്തി. അജിത് കൊളാടിയുടേത് പാർട്ടി നിലപാടാണെന്നും സ്റ്റാലിന്റെ ചിത്രം ഓഫിസുകളിൽ വയ്ക്കാറില്ലെന്നും സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു. സ്റ്റാലിന്റെ നിലപാടിനെ സോവിയറ്റ് യൂനിയനിലെ പാർട്ടി തന്നെ തള്ളി പ്പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സി.പി.ഐയും സ്റ്റാലിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. ഒരാളുടെ സംഭാവനയെക്കുറിച്ച് പരിശോധിക്കുന്നത് സമഗ്ര വീക്ഷണത്തിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തനമായിരുന്നു സ്റ്റാലിന്റേതെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ട്. ജോസഫ് സ്റ്റാലിനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് അജിത് കൊളാടിയും പറഞ്ഞു. കൃത്യമായ ബോധ്യത്തിലാണ് സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തിയെന്ന് വിശേഷിപ്പിച്ചത്. സ്റ്റാലിൻ നടത്തിയ ജനാധിപത്യ ധ്വംസനങ്ങളെ വിമർശിക്കുകയാണ് ചെയ്തത്. വ്യക്തികളുടെ അപ്രമാദിത്വം ഇതിന് മുൻപും ചോദ്യം ചെയ്തിട്ടുണ്ട്. കെ. ദാമോദരൻ 1975ൽ സ്റ്റാലിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഹിറ്റ്ലറെ പരാജയപ്പെടുത്തിയത് സ്റ്റാലിനാണ്. അത്തരം പോരാട്ടങ്ങളൊന്നും വിസ്മരിച്ചുകൂടാ. അതിനുശേഷം സ്റ്റാലിൻ ഒരുപാട് പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും അതിനെയാണ് വിമർശിക്കുന്നതെന്നും അജിത് കൊളാടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."