ആശുപത്രി ഗേറ്റില്‍ പ്രസവം; സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
ജയ്പൂര്‍: പ്രസവ വേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ ഗര്‍ഭിണിയെ ആശുപത്രിയില്‍ കയറ്റാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രി കവാടത്തില്‍ പ്രസവിച്ച സംഭവത്തില്‍ നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മോശമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധവരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു.
ജയ്പൂര്‍ കാണ്‍വടിയ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് യുവതി ആംബുലന്‍സ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിച്ചു. ഇവരെ സഹായിക്കാന്‍ ആശുപത്രി ജീവനക്കാര്‍ പോലും തയാറായില്ലെന്നാണ് വിവരം. തുടര്‍ന്ന് ഗേറ്റുവരെ നടന്നെത്തുമ്പോഴേക്കും പ്രസവവേദന മൂര്‍ച്ഛിച്ച ഇവര്‍ ഗേറ്റില്‍ പെണ്‍കുഞ്ഞിനും ജന്‍മം നല്‍കുകയായിരുന്നു. ഇവരെ പിന്നീട് ഇതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു.
സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വകുപ്പ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി അഡിഷനല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിങ് അറിയിച്ചു. കമ്മീഷന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ കുസും സെയ്‌നി, നേഹ രജാവത്, മനോജ് എന്നീ മൂന്ന് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. കണ്‍വടിയ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്ര സിങ് തന്‍വാറിനും കാരണംകാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."