എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ
ജനീവ: വാക്‌സിന്‍ കണ്ടെത്താത്ത എബോള വൈറസ് ശ്രേണിയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 80 ലധികം പേരാണ് കോംഗോയില്‍ എബോളയെ തുടര്‍ന്ന് മരിച്ചത്. ലോകത്ത് ഈ രോഗത്തെ നേരിടാന്‍ വാക്‌സിന്‍ ഇല്ലാത്തതിനാലാണ് ആഗോള തലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതുവരെ 88 പേരുടെ മരണമാണ് എബോളയെ തുടര്‍ന്ന് സ്ഥിരീകരിച്ചത്. 336 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്ന് ആഫ്രിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ അറിയിച്ചു.
ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും സ്ഥിരീകരിച്ച കേസുകൾ കണ്ടെത്തിയിട്ടുണ്ട്. കിഴക്കൻ കോംഗോയിലെ ദുർബലമായ നിരീക്ഷണം കാരണം പകർച്ചവ്യാധിയുടെ വ്യാപ്തി നിലവിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ വലുതായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.
2007 ലാണ് ഈ ശ്രേണിയിലുള്ള എബോള വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ഉഗാണ്ടയിലും കോംഗോയിലുമാണ് ഈ ശ്രേണിയിലെ വൈറസ് പകര്‍ന്നു പിടിച്ചത്. ചരിത്രപരമായി ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ഒരു രോഗമാണിത്. 1967ല്‍ കണ്ടെത്തിയ സെയ്്ർ ശ്രേണിയിലെ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയിരുന്നു.
ജാഗ്രതയിൽ ഇന്ത്യയും
ന്യൂഡൽഹി: കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ജാഗ്രതയിൽ ഇന്ത്യ. രാജ്യം ഇതിനകം പ്രത്യേക നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ആഫ്രിക്കയിലെ സാഹചര്യങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.
കൊവിഡ് കാലത്തിന് തുല്യമായ അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പകർച്ചവ്യാധി അപകടകരമായതിനാൽ രാജ്യത്തിന്റെ തയാറെടുപ്പിനെയും കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. നിലവിൽ, ഇന്ത്യയിൽ ഒരു എബോള കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിലേക്കുള്ള അടിയന്തര വ്യാപന സാധ്യത കുറവാണെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നു. പക്ഷേ വിമാനത്താവളങ്ങളിലും മറ്റും നിരീക്ഷണ സംവിധാനങ്ങൾ അനിവാര്യമാണ്.
പുതിയ ശ്രേണി അപൂർവമായ ഒരു വകഭേദം
അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ ഇല്ലാത്ത താരതമ്യേന അപൂർവമായ ഒരു വകഭേദമാണ് ഇപ്പോഴത്തേത്. രോഗബാധിതനായ ഒരാളുടെ രക്തം, ഛർദ്ദി, ഉമിനീർ, വിയർപ്പ് അല്ലെങ്കിൽ ബീജം പോലുള്ള ശരീരദ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ പടരുന്ന കഠിനവും മാരകവുമായ വൈറൽ രോഗമാണ് എബോള. മലിനമായ പ്രതലങ്ങളിലൂടെയോ രോഗബാധിതരായ മൃഗങ്ങളിലൂടെയോ ഇത് പടരും.
പെട്ടെന്നുള്ള പനി, കടുത്ത തലവേദന, പേശി വേദനയും ബലഹീനതയും, തൊണ്ടവേദന, ഛർദ്ദിയും വയറിളക്കവും, ചർമ്മത്തിലെ ചുണങ്ങ്, കഠിനമായ കേസുകളിൽ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. വൈറസ് ബാധയുണ്ടായി രണ്ട് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."