1 ബില്യൺ ദിർഹത്തിന്റെ ആഗോള ബഹിരാകാശ സഹകരണ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
ദുബൈ: ബഹിരാകാശ മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ രാജ്യത്ത് തന്നെ വികസിപ്പിക്കുന്നതിനുമായി 1 ബില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ സഹകരണ പരിപാടിക്ക് തുടക്കം കുറിച്ച് യുഎഇ. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്‌പേസ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
സുപ്രീം സ്‌പേസ് കൗൺസിൽ യോഗത്തിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനം ഉണ്ടായത്. ബഹിരാകാശ വ്യവസായ രംഗത്ത് ആഗോളതലത്തിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, ഈ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ പ്രാപ്തരായ ഇമാറാത്തി പ്രതിഭകളെയും യുവാക്കളെയും ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
"വിജ്ഞാനത്തിലും നവീകരണത്തിലും അധിഷ്ഠിതമായ ഒരു ഭാവി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ, ബഹിരാകാശ മേഖല യുഎഇയുടെ തന്ത്രപരമായ മുൻഗണനയായി തുടരും. ലോകത്തിലെ മുൻനിര രാജ്യങ്ങൾക്കിടയിൽ ഈ രംഗത്ത് നമ്മുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഈ പദ്ധതി സഹായിക്കും." പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ശൈഖ് ഹംദാൻ എക്‌സ് അക്കൗണ്ടിൽ കുറിച്ചു,
ഭൂമിയിലും അതിനപ്പുറത്തും മനുഷ്യരാശിയുടെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി വലിയ സംഭാവനകൾ നൽകാൻ യുഎഇയിലെ യുവാക്കളുടെ കഴിവുകൾക്ക് സാധിക്കുമെന്നും, രാജ്യത്തിന്റെ മുൻനിര ബഹിരാകാശ നേട്ടങ്ങൾ വരുംതലമുറകൾക്ക് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണ പങ്കാളിത്തങ്ങളിലൂടെ ബഹിരാകാശ സാങ്കേതികവിദ്യകളുടെയും വ്യവസായങ്ങളുടെയും ആഗോള ഹബ്ബായി യുഎഇയെ മാറ്റാൻ ഈ 1 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sheikh Hamdan has announced a 1 billion dirham global space partnership initiative aimed at strengthening international collaboration, innovation, and the UAE’s leadership in the space and technology sectors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."