രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ
കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫുകൾക്കായി സംസ്ഥാന ഖജനാവിൽ നിന്ന് മാസംതോറും ചിലവഴിച്ചത് 4.62 കോടി രൂപയെന്ന് വിവരാവകാശ രേഖകൾ. മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ളവർക്കായി ആകെ 524 പേഴ്സണൽ സ്റ്റാഫുകളാണ് ഉണ്ടായിരുന്നത്. 6,000 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളം പറ്റുന്നവർ ഇക്കൂട്ടത്തിലുണ്ടെന്നാണ് പൊതുഭരണ വകുപ്പ് നൽകിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പിണറായി സർക്കാർ നിയമിച്ച മുഴുവൻ പേഴ്സണൽ സ്റ്റാഫുകളെയും വിടുതൽ ചെയ്തുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി കഴിഞ്ഞു. കാസർകോട് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ മുഹമ്മദ് അഷ്റഫിന് ലഭിച്ച മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്.
സ്റ്റാഫുകളുടെ എണ്ണത്തിൽ മുഖ്യമന്ത്രി മുന്നിൽ; തൊട്ടുപിന്നിൽ പ്രതിപക്ഷ നേതാവ്
ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫ് ഉണ്ടായിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്– 27 പേർ. 31,000 രൂപ ശമ്പളമുള്ള ഓഫീസ് അറ്റൻഡന്റ് മുതൽ 2.21 ലക്ഷം രൂപ കൈപ്പറ്റുന്ന സീനിയർ ലീഗൽ കോൺസൽ വരെയുള്ള മുഖ്യമന്ത്രിയുടെ സ്റ്റാഫുകൾക്കായി മാത്രം പ്രതിമാസം 27.24 ലക്ഷത്തിലധികം രൂപയാണ് ചിലവിട്ടത്.
അന്നത്തെ പ്രതിപക്ഷ നേതാവും (ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ) വി.ഡി. സതീശന് 25 പേഴ്സണൽ സ്റ്റാഫുകളുണ്ടായിരുന്നു. 28,000 രൂപ ശമ്പളമുള്ള ഓഫീസ് അറ്റൻഡന്റ് മുതൽ 1.77 ലക്ഷം രൂപ വാങ്ങുന്ന അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വരെ ഇക്കൂട്ടത്തിലുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ശമ്പള ചിലവ് മാസം 25.60 ലക്ഷം രൂപയായിരുന്നു.
മന്ത്രിമാരുടെ സ്റ്റാഫ് വിവരം ഒറ്റനോട്ടത്തിൽ
വൈദ്യുതി മന്ത്രി, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ മന്ത്രി, ഫിഷറീസ് മന്ത്രി എന്നിവർക്ക്
25 പേർ വീതവും തദ്ദേശ സ്വയംഭരണ മന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് 24 പേർ വീതവും, സഹകരണം, റവന്യൂ, കൃഷി, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ഭക്ഷ്യ-പൊതുവിതരണം എന്നീ വകുപ്പ് മന്ത്രിമാർക്ക്
23 പേർ വീതവും ജലവിഭവ വകുപ്പ് മന്ത്രി, ചീഫ് വിപ്പ് എന്നിവർക്കായി 21 പേർ വീതംവും പൊതുമരാമത്ത്-ടൂറിസം മന്ത്രി, രജിസ്ട്രേഷൻ-പുരാവസ്തു മന്ത്രി എന്നിവർക്ക് 19 പേർ വീതം (ഏറ്റവും കുറവ്) പേഴ്സണൽ സ്റ്റാഫ് ഉണ്ടായിരുന്നു.
രണ്ടു ലക്ഷത്തിന് മുകളിൽ ശമ്പളം 11 പേർക്ക്; കുറഞ്ഞ ശമ്പളം കുക്കിന്
പേഴ്സണൽ സ്റ്റാഫ് പട്ടികയിൽ ഏറ്റവും കുറഞ്ഞ ശമ്പളം വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്കിനാണ്– 6,033 രൂപ. എന്നാൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിമാസ ശമ്പളം വാങ്ങുന്ന 11 ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.
ഉയർന്ന ശമ്പളം വാങ്ങുന്ന പ്രമുഖർ
ധനകാര്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി & അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കൗൺസൽ, വൈദ്യുതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി & അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സഹകരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പൊതുമരാമത്ത്, ആരോഗ്യം, വ്യവസായം, ഫിഷറീസ് മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ.
ആകെ ചിലവും പെൻഷൻ നിരക്കുകളും
ചീഫ് വിപ്പിന്റെ ഓഫീസിലെ ശമ്പളത്തിനായി പ്രതിമാസം 20,44,795 രൂപയും 20 മന്ത്രിമാരുടെ സ്റ്റാഫുകൾക്കായി മാത്രം 3,89,01,459 രൂപയുമാണ് ചിലവഴിച്ചത്. ശമ്പളത്തിന് പുറമെ വിരമിച്ച പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിലും വൻ തുകയാണ് ഖജനാവിന് ബാധ്യതയാകുന്നത്. ഇവർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെൻഷൻ തുക 3,350 രൂപയും ഉയർന്ന പെൻഷൻ തുക 83,400 രൂപയുമാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
The second Pinarayi Vijayan government spent ₹4.62 crore monthly from the state exchequer on the personal staff of the Chief Minister, ministers, the Chief Whip, and the Opposition Leader, according to a Right to Information (RTI) reply.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."