വിദ്യാഭ്യാസ വിപ്ലവത്തില്‍ നിന്ന് നിയമക്കുരുക്കിലേക്ക്... 'ബൈജൂസി'ന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പിന്നില്‍
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ലോകത്തെ വിജയകഥകളില്‍ ഒന്നായി ഒരുകാലത്ത് കണക്കാക്കപ്പെട്ട സ്ഥാപനമായിരുന്നു ബൈജൂസ്. വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിച്ച് വലിയ മാറ്റം സൃഷ്ടിക്കാമെന്ന് ബൈജൂസ് കാണിച്ചു തന്നു. എന്നാല്‍ ഇന്ന് അതേ കമ്പനി സാമ്പത്തിക പ്രതിസന്ധികളിലും കേസുകളിലും കുടുങ്ങിക്കിടക്കുകയാണ്. സ്ഥാപകനായ ബൈജു രവീന്ദ്രന്‍ സിംഗപ്പൂര്‍ കോടതിയില്‍ ജയില്‍ ശിക്ഷ നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
കേരളത്തിലെ ഒരു അധ്യാപകന്‍ ലോകശ്രദ്ധ നേടിയ സംരംഭകനായി മാറിയ കഥയായിരുന്നു ബൈജു രവീന്ദ്രന്റേത്. വിദ്യാര്‍ത്ഥികളെ ലളിതമായി പഠിപ്പിക്കുന്ന ശൈലി അദ്ദേഹത്തെ ജനപ്രിയനാക്കി. അതിന്റെ തുടര്‍ച്ചയായാണ് 'ബൈജൂസ്' എന്ന എഡ്‌ടെക് പ്ലാറ്റ്‌ഫോം രൂപപ്പെട്ടത്.
എന്താണ് ബൈജൂസ്
2011ല്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച ബൈജൂസ്, വിദ്യാഭ്യാസത്തോടും മത്സര പരീക്ഷകളോടുമുള്ള ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ക്ക് ഒരു സഹായിയായി മാറി.
രാജ്യത്തുടനീളം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും ഓണ്‍ലൈന്‍ പഠനം വ്യാപകമാകുകയും ചെയ്തതോടെ, വിദ്യാഭ്യാസത്തിന്റെ ഭാവിയായി ബൈജൂസ്. കൊവിഡ്19 മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടയുകയും പഠനം പൂര്‍ണമായും ഓണ്‍ലൈന്‍ മേഖലയിലേക്ക് മാറുകയും ചെയ്തതോടെ കമ്പനിയുടെ പ്രസക്തി കുത്തനെ ഉയര്‍ന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ബൈജൂസിനെ കൂടുതല്‍ ആശ്രയിച്ചു.
ആഗോള നിക്ഷേപകരുടെ പിന്തുണയോടെ കമ്പനി അമേരിക്കയുള്‍പ്പെടെയുള്ള വിദേശ വിപണികളിലേക്ക് ശക്തമായി വ്യാപിച്ചു. ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ്, ഗ്രേറ്റ് ലേണിംഗ്, എപ്പിക് തുടങ്ങിയ സ്ഥാപനങ്ങളെ ഏറ്റെടുത്ത് വളര്‍ച്ച വേഗത്തിലാക്കി. ഇതിനായി ഏകദേശം മൂന്ന് ബില്യണ്‍ ഡോളറോളം ചെലവഴിക്കുകയും ചെയ്തു.
വിപുലമായ പരസ്യപ്രചാരണങ്ങള്‍, സെലിബ്രിറ്റികളുടെ പിന്തുണ, ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പുകള്‍, ആഗോള തലത്തിലുള്ള വ്യാപന സ്വപ്നങ്ങള്‍ എന്നിവയിലൂടെ കമ്പനി ആത്മവിശ്വാസത്തിന്റെ പ്രതീതി സൃഷ്ടിച്ചു.
ബൈജൂസിന്റെ തകര്‍ച്ച
അതിവേഗ വളര്‍ച്ചയ്ക്ക് പിന്നാലെ ബൈജൂസിനെ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. മറ്റ് കമ്പനികളെ വിലക്കെടുക്കുന്നതിനും കമ്പനി വിപുലീകരണത്തിനും ബൈജൂസ് അമിതമായി പണം ചിലവഴിച്ചിരുന്നു. അതിന് വന്‍തോതില്‍ വായ്പയും എടുത്തു. ഒരു ഘട്ടത്തില്‍ 1.2 ബില്യണ്‍ ഡോളര്‍ വരെ കമ്പനി വിദേശവായ്പയെടുത്തു. തുടക്കത്തില്‍ ഇത് വലിയ നേട്ടമായിരുന്നെങ്കിലും പിന്നീട് അത് പ്രതിസന്ധിയിലേക്ക് വഴിമാറി.
സാമ്പത്തിക കണക്കുകള്‍ സമയത്ത് പുറത്തുവിടാതിരുന്നതും, ഓഡിറ്റര്‍മാര്‍ രാജിവെച്ചതും, നിക്ഷേപകരുടെ ആശങ്കകള്‍ കൂടിയതും കമ്പനിയുടെ
വിശ്വസ്തതയെ ബാധിച്ചു. വായ്പാദാതാക്കള്‍ പണം വഴിതിരിച്ചുവിട്ടെന്ന ആരോപണവും ഉയര്‍ന്നു. അമേരിക്കയിലും സിംഗപ്പൂരിലും ബൈജൂസിനെതിരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. ഫണ്ട് മറച്ചുവെച്ചതായും സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താത്തതായും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ നിയമപ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായി.
ഇതിനിടെ ഇന്ത്യയിലും കമ്പനിക്ക് തിരിച്ചടി നേരിട്ടു. ജീവനക്കാര്‍ക്ക് ശമ്പളം വൈകി. വ്യാപക പിരിച്ചുവിടലുകള്‍ നടന്നു. കമ്പനിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഒരുകാലത്ത് 22 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയിരുന്ന സ്ഥാപനത്തിന്റെ വില പിന്നീട് വളരെ താഴെയെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയില്‍ ഉണ്ടായിരുന്ന ബൈജൂസിന്റെ ലോഗോ പോലും പിന്നീട് ഒരു പരാജയത്തിന്റെ പ്രതീകമായി മാറി.
വലിയ പിഴവ്
ബൈജൂസിന്റെ ഏറ്റവും വലിയ പിഴവ് നിയന്ത്രണമില്ലാത്ത വളര്‍ച്ചയായിരുന്നു. ഒരു സ്റ്റാര്‍ട്ടപ്പ് വിജയിച്ചാല്‍ അതിന്റെ പ്രശസ്തിയും വിപുലീകരണവും ഏതൊരു സ്ഥാപകന്റെയും സ്വാഭാവികമായ ആഗ്രഹമാണ്. പക്ഷേ അതിനൊപ്പം സുതാര്യതയും സാമ്പത്തിക നിയന്ത്രണവും ശക്തമായ ഭരണസംവിധാനവും ആവശ്യമാണ്. ബൈജൂസിന് അതില്‍ വീഴ്ച പറ്റി. തളര്‍ച്ചയുടെ വേഗം കമ്പനിയ്ക്ക് കൈകാര്യം ചെയ്യാനാകാത്ത അവസ്ഥയിലേക്ക് മാറി.
ഇത് ഒരു കമ്പനിയുടെയോ ഒരു സംരംഭകന്റെയോ മാത്രം കഥയല്ല. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തിനാകെ വലിയ മുന്നറിയിപ്പാണ്. വന്‍ നിക്ഷേപവും പരസ്യപ്രചരണവും മാത്രം ഒരു സ്ഥാപനത്തെ സ്ഥിരതയുള്ളതാക്കില്ല. വിശ്വസ്തത, ഉത്തരവാദിത്തം, കൃത്യമായ സാമ്പത്തിക നിയന്ത്രണം എന്നിവ ഇല്ലെങ്കില്‍ എത്ര വലിയ കമ്പനിയും തകരാം എന്നതാണ് ബൈജൂസിന്റെ അനുഭവം പഠിപ്പിക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് വലിയ സ്വപ്നങ്ങളുമായി തുടങ്ങിയ ഒരു സംരംഭം ഇന്ന് കോടതികളിലും കടബാധ്യതകളിലും കുടുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."