പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
ഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തി. സേവാ തീര്‍ഥിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടു. തമിഴ്‌നാടിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളാണ് ചര്‍ച്ചയായത്.
വന്ദേമാതരം വിവാദം, മേക്കെദാതു ഡാം പദ്ധതി സംബന്ധിച്ച തര്‍ക്കം, തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങള്‍ വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ ശേഷം വിജയ് നടത്തുന്ന ആദ്യ ഡൽഹി സന്ദര്‍ശനമാണിത്. 12 വര്‍ഷത്തിന് ശേഷമാണ് വിജയ് മോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതും. സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരത്തിന് മുമ്പ് 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം വിജയ് മുന്നോട്ടുവച്ചു. തമിഴ്‌നാട്ടിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആദ്യം ആലപിച്ചതിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
മേക്കെദാതുവില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കര്‍ണാടകത്തിന്റെ നീക്കത്തില്‍ തമിഴ്‌നാടിനുള്ള ആശങ്കയും വിജയ് പ്രധാനമന്ത്രിയെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിപൂജ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്ന് വിജയ് ചൂണ്ടിക്കാട്ടി. തര്‍ക്കത്തിലുള്ള എല്ലാ സംസ്ഥാനങ്ങളുടെയും അനുമതിയില്ലാതെ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ജല്‍ ശക്തി മന്ത്രാലയത്തോടും കേന്ദ്ര ജലവിഭവ ട്രൈബ്യൂണലിനോടും നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചോളകാല ചെമ്പോലകള്‍ നെതര്‍ലന്‍ഡ്‌സില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിച്ചതിന് വിജയ് പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."