കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍
ചേര്‍ത്തല: ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡി.വൈ.എസ്.പി അനില്‍ കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. 'പ്രോജക്ട് സീറോ'യുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് നടപടി.
ശുചിമുറി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസ് പിടിച്ചെടുത്തിരുന്നു. വാഹനം വിട്ടുകൊടുക്കുന്നതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി വാഹന ഉടമ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇതില്‍ അഡ്വാന്‍സായി 50,000 രൂപ വാങ്ങുന്നതിനിടെയാണ് അനില്‍കുമാര്‍ പിടിയിലായത്.
പണം വീട്ടിലെത്തിക്കാനായിരുന്നു ഡി.വൈ.എസ്.പിയുടെ നിര്‍ദേശം. തുടര്‍ന്ന് വാഹന ഉടമ പണം നല്‍കാനായി വീട്ടിലെത്തിയപ്പോള്‍ വിജിലന്‍സ് സംഘം രഹസ്യമായി പിന്തുടര്‍ന്നു. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തെ കണ്ട അനില്‍കുമാര്‍ വീട്ടില്‍ കയറി വാതില്‍ അടച്ചതായാണ് വിവരം. പിന്നാലെ വീടിന്റെ മേല്‍ക്കൂര വഴിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.
രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി മതിലില്‍ കയറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ആരംഭിച്ച 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഡി.വൈ.എസ്.പി അനില്‍കുമാറിനെതിരേ മുന്‍പും കൈക്കൂലി ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിജിലന്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."