റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ
കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിഫൈനലിൽ പ്രവേശിച്ചെങ്കിലും, മത്സരത്തിലെ ചില റഫറിയിങ് തീരുമാനങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. എക്സ്ട്രാ ടൈം വരെ നീണ്ട നാടകീയ പോരാട്ടത്തിനൊടുവിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. സ്വിസ് താരം ബ്രീൽ എംബോലോ 72-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്ത് പേരുമായാണ് സ്വിറ്റ്‌സർലൻഡ് പൊരുതിയത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് തുണയായത്.
112-ാം മിനിറ്റിൽ അൽവാരസ് നേടിയ തകർപ്പൻ ഗോളിന് പിന്നാലെ, ഇഞ്ചുറി ടൈമിൽ (120+1' മിനിറ്റ്) ലൗട്ടാരോ മാർട്ടിനെസ് ടീമിന്റെ മൂന്നാം ഗോൾ വലയിലാക്കി. ഗോൾ നേട്ടത്തിന് പിന്നാലെ ആവേശം മൂത്ത മാർട്ടിനെസ് പരസ്യ ബോർഡുകൾക്ക് മുകളിലൂടെ ചാടി വേലി കയറി ഗാലറിയിലെ ആരാധകർക്കൊപ്പം ചേർന്ന് ആഘോഷിക്കുകയുണ്ടായി. എന്നാൽ, ഈ ആഹ്ലാദപ്രകടനം വലിയൊരു നിയമലംഘനമാണെന്നിരിക്കെ റഫറി കണ്ണ് അടച്ചതാണ് ഇപ്പോൾ പുരികം ചുളിപ്പിക്കുന്നത്.
മത്സരത്തിന്റെ 98-ാം മിനിറ്റിൽ മാർട്ടിനെസിന് ഇതിനകം തന്നെ ഒരു മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. ഫിഫ നിയമപ്രകാരം കളം വിട്ട് ഗാലറിയിലെ വേലിയിൽ കയറി ആരാധകർക്കൊപ്പം അമിതമായി ആഹ്ളാദം പ്രകടിപ്പിക്കുന്നത് രണ്ടാമതൊരു മഞ്ഞക്കാർഡ് (ചുവപ്പ് കാർഡ്) നൽകേണ്ട കുറ്റമാണ്. എന്നാൽ മാർട്ടിനെസിന് രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി പുറത്താക്കാൻ റഫറി തയ്യാറായില്ല. റഫറിയുടെ ഈ ദയ ഇല്ലായിരുന്നുവെങ്കിൽ മാർട്ടിനെസിന് കളം വിടേണ്ടി വരുമായിരുന്നെന്നു മാത്രമല്ല, ഇംഗ്ലണ്ടിനെതിരെയുള്ള നിർണായകമായ സെമിഫൈനൽ മത്സരം നഷ്ടമാവുകയും ചെയ്യുമായിരുന്നു.
റഫറിയുടെ ഈ തീരുമാനം അർജന്റീനയ്ക്ക് അനുകൂലമായി ബോധപൂർവം എടുത്തതാണെന്ന വിമർശനവുമായി സോഷ്യൽ മീഡിയയിൽ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. "നിയമപ്രകാരം അത് വ്യക്തമായ മഞ്ഞക്കാർഡ് ആണ്. റഫറി അത് കണ്ടില്ലെന്ന് നടിച്ചതു വഴി അടുത്ത മത്സരത്തിലെ സസ്പെൻഷനിൽ നിന്നാണ് മാർട്ടിനെസ് രക്ഷപെട്ടത്. അർജന്റീനയ്ക്ക് ലഭിക്കുന്ന അടുത്ത സഹായം! ഇങ്ങനെയുള്ള പൊരുത്തക്കേടുകൾ എത്ര നാൾ തുടരും?" എന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ രോഷം പ്രകടിപ്പിക്കുന്നു.
തളരാത്ത അർജന്റീനയുടെ സ്കോറിങ് കുതിപ്പ്
ഈ വിവാദങ്ങൾക്കിടയിലും അർജന്റീന മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി 15 മത്സരങ്ങളിൽ ഗോൾ നേടുന്ന ടീമെന്ന ഖ്യാതി ഇനി അർജന്റീനയ്ക്ക് സ്വന്തം. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇത്രയും നീണ്ട സ്കോറിങ് റെക്കോർഡുള്ള ഉറുഗ്വേ, ഹംഗറി, ജർമ്മനി, ബ്രസീൽ എന്നീ എലൈറ്റ് ടീമുകളുടെ പട്ടികയിലേക്കാണ് അർജന്റീനയും ഇതോടെ നടന്നു കയറിയത്.
വ്യാഴാഴ്ച അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടക്കുന്ന ഹൈ-വോൾട്ടേജ് സെമിഫൈനലിൽ അർജന്റീന തങ്ങളുടെ ചിരവൈരികളായ ഇംഗ്ലണ്ടിനെ നേരിടും. ഈ മത്സരത്തിൽ വിജയിച്ച് ഫൈനലിൽ കടക്കാനായാൽ, 1962-ൽ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടത്തിലേക്ക് അർജന്റീനയ്ക്ക് ഒരു പടികൂടി അടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."