ഇന്നും താഴ്ന്നിറങ്ങി സ്വര്‍ണവില; വിലത്തകര്‍ച്ച താല്‍ക്കാലികം മാത്രമെന്ന് വിദഗ്ധര്‍, ഇന്നത്തെ വിലയറിയാം..
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞതോടെ ഗ്രാമിന് 14,305 രൂപയായി. പവന് 560 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ വില 1,14,440 രൂപയായി താഴ്ന്നു.
ആഗോള വിപണിയിലെ മാറ്റങ്ങളും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളും സ്വര്‍ണവിലയെ ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. സ്പോട്ട് ഗോള്‍ഡ് വില 1.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,380 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് നിരക്കും 1.6 ശതമാനം താഴ്ന്ന് 4,377.10 ഡോളറിലേക്കാണ് വീണത്.
ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷാവസ്ഥ വീണ്ടും ശക്തമാകുമെന്ന ആശങ്കകള്‍ അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. യുദ്ധഭീഷണി വര്‍ധിച്ചാല്‍ എണ്ണവില ഉയരാനും അതുവഴി വിവിധ രാജ്യങ്ങളില്‍ പണപ്പെരുപ്പം കൂടാനുമുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
പണപ്പെരുപ്പം ഉയര്‍ന്നാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കാനിടയുണ്ടെന്ന ആശങ്കയും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നു. യുഎസിലെ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ ഡാറ്റ പുറത്തുവരാനിരിക്കെ ഫെഡറല്‍ റിസര്‍വിന്റെ ഭാവി വായ്പനയത്തെ കുറിച്ചുള്ള സൂചനകള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്.
വരാനിരിക്കുന്ന സാമ്പത്തിക കണക്കുകളും അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളും അടുത്ത ദിവസങ്ങളിലെ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."