ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാടുള്ള സാവരിയയുടെ വസതി സന്ദർശിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയ വിവരം കുടുംബത്തെ അറിയിച്ചത്. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.
ഉസ്ബെക്കിസ്ഥാനിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം ആണ് പ്രതി.
പ്രതിയെ ഉസ്ബെക്കിസ്ഥാൻ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട സാവരിയയും സദറുൽ അനവും സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് പ്രതി സദറുൽ അനം ലാപ്ടോപ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. അടിയേറ്റതിനെ തുടർന്ന് സാവരിയയുടെ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്. പെൺകുട്ടിയുടെ പിതാവ് കുവൈത്തിലാണ് ജോലി ചെയ്യുന്നത്.
ക്രൂരമർദനമെന്ന് റീ-പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സാവരിയയുടേത് സാധാരണ മരണമല്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും വ്യക്തമാക്കുന്ന റീ-പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ ശരീരമാസകലം മർദനമേറ്റ ചതവുകളുണ്ടായിരുന്നതായും നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കണ്ടെത്തി. തലയ്ക്കേറ്റ അതിശക്തമായ അടിയാണ് മരണകാരണമെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
മകൾ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് പുതിയ പോസ്റ്റ്മോർട്ടം വിവരങ്ങൾ. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് കേസ് അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
A 21-year-old medical student from Kerala, Savariya Basanth, was allegedly murdered by her classmate, Sadarul Anam, at the Bukhara State Medical Institute in Uzbekistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."