ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു
തെഹ്‌റാന്‍: ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്റെ പ്രാദേശിക അതിര്‍ത്തിയില്‍വെച്ച് അമേരിക്കയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന യുദ്ധക്കപ്പലിനെ ആക്രമിച്ചതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. അന്താരാഷ്ട്ര കപ്പല്‍ ചാനലുകളില്‍ തങ്ങളുടെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാന്‍ വിശദീകരിച്ചു.
എന്നാല്‍ ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക രംഗത്തെത്തി. യുഎസിന്റെ പടക്കപ്പല്‍ ആക്രമിച്ചെന്ന ഇറാന്റെ വാദം വ്യാജമാണെന്നും, ഇറാന്‍ ലോകത്തിന് മുന്നില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും അമേരിക്കന്‍ സൈനിക വക്താക്കള്‍ പ്രതികരിച്ചു. വെടിനിര്‍ത്തലിന് ശേഷം ഇരു രാജ്യങ്ങളും വീണ്ടും ആക്രമണത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യ വീണ്ടും കലുഷിതമാണ്. വരും മണിക്കൂറുകളില്‍ ആക്രമണം കനക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കഴിഞ്ഞദിവസം കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. 13 മിസൈലുകളും 17 ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. 63 പേർക്ക് പരുക്കേറ്റതായും കുവൈത്ത് അറിയിച്ചു.
പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ടെർമിനലിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിനു നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു.
ആക്രമണത്തിൽ പരുക്കേറ്റവരെ കുവൈത്ത് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലീം അൽ സബാഹ് സന്ദർശിച്ചു. ആക്രമണത്തിനു പിന്നാലെ രണ്ട് ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ വിദേശകാര്യ മന്ത്രി ഹമദ് ഹമീദ് യാഖൂബി വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധം അറിയിച്ചിരുന്നു.
ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ വിമാനത്താവളത്തിന്റെ ടെർമിനൽ വണ്ണിന് സാരമായ കേടുപാടുണ്ടായി. ടെർമിനിലന്റെ മേൽക്കൂരയും കോൺക്രീറ്റ് ബീമുകളും തകർന്നു. തീപിടിത്തവുമുണ്ടായി.വിമാന സർവിസുകൾ റദ്ദാക്കുകയും വിമാനത്താവളം അടച്ചിടുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ എണ്ണ വിലയിൽ 2 ശതമാനം വർധനവുണ്ടായി. കുവൈത്ത് എയർവേയ്സ് വിമാന സർവിസുകൾ നിർത്തിവച്ചെങ്കിലും പിന്നീട് ടെർമിനിൽ 4ൽനിന്ന് പുനരാരംഭിച്ചു.
ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനു നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് സ്വയം പ്രതിരോധമായാണ് കുവൈത്തിലെ യു.എസ് താവളങ്ങൾക്കു നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."