കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം(മണ്‍സൂണ്‍) ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .
സാധാരണയായി ജൂണ്‍ 1-നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സാധാരണയെക്കാള്‍ 3 ദിവസം വൈകിയാണ് (ജൂണ്‍ 4-ന്) കാലവര്‍ഷം ഔദ്യോഗികമായി എത്തിയത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍-തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കര്‍ണാടക , തമിഴ്നാട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കന്‍ ഭാഗങ്ങളിലേക്കും കാലവര്‍ഷം എത്തി.
അടുത്ത 2-3 ദിവസങ്ങളില്‍ മധ്യ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ഗോവ പൂര്‍ണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങള്‍ കര്‍ണാടകയുടെ കൂടുതല്‍ ഭാഗങ്ങളും തമിഴ്നാടിന്റെ ബാക്കി ഭാഗങ്ങളും ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-വടക്കുകിഴക്കന്‍ മേഖലകളും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രഖ്യാപനത്തിന് കാരണമായ അനുകൂല ഘടകങ്ങള്‍
കഴിഞ്ഞ രണ്ട് ദിവസങ്ങളായി താഴെ പറയുന്ന അന്തരീക്ഷ മാറ്റങ്ങള്‍ രേഖപ്പെടുത്തിയതിനാലാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്:
മേഘാവൃതം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ കാര്‍മേഘങ്ങളുടെ സാന്നിധ്യം ശക്തമായി വര്‍ദ്ധിച്ചു.
പടിഞ്ഞാറന്‍ കാറ്റിന്റെ വ്യാപ്തി : തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ (Westerlies) വ്യാപ്തി സമുദ്രനിരപ്പില്‍ നിന്ന് 4.5 കിലോമീറ്റര്‍ ഉയരം വരെ എത്തി.
കാറ്റിന്റെ വേഗത: അന്തരീക്ഷത്തിന്റെ താഴ്ന്ന തട്ടുകളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത ഏകദേശം 20 മുതല്‍ 25 നോട്ട്‌സ് (Knots) വരെയായി ഉയര്‍ന്നു.
മഴയുടെ ലഭ്യത: കഴിഞ്ഞ 2 ദിവസമായി കേരളത്തില്‍ ഉടനീളം വ്യാപകമായ മഴയും, ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും രേഖപ്പെടുത്തി.
അതേസമയം, എട്ട് ജില്ലകള്‍ക്കാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വരും ദിവസങ്ങളിലെ ഓറഞ്ച് അലര്‍ട്ട്
05/06/2026: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
06/06/2026: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
07/06/2026: കണ്ണൂര്‍, കാസറഗോഡ്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
വരും ദിവസങ്ങളിലെ യെല്ലോ അലര്‍ട്ട്
04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
06/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ (06/06/2026) മുതല്‍ 08/06/2026 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത് .
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.
നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.
The India Meteorological Department (IMD) has officially confirmed the onset of the southwest monsoon over Kerala, marking the beginning of the rainy season in the state. In view of the forecast for heavy to very heavy rainfall, orange alerts have been issued for eight districts today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."