ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ
ഗസ്സ: 2023 ഒക്ടോബര്‍ ഏഴിനു ശേഷം ഗസ്സയില്‍ ഇസ്‌റാഈല്‍ അധിനിവേശ സൈന്യം നടത്തിവരുന്ന വംശഹത്യയ്ക്കിടെ 9,500ലധികം ഫലസ്തീനികളെ കാണാതാവുകയോ കുടുംബങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുകയോ ചെയ്തതായി കണക്കുകള്‍. ഇതില്‍ 4,700ഓളം പേര്‍ സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ്സയിലെ അല്‍ദമീര്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വംശഹത്യക്കിടെ ഗസ്സയില്‍ കാണാതായ ഫലസ്തീനികള്‍ എന്ന തലക്കെട്ടില്‍ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കടുത്ത മാനുഷിക പ്രതിസന്ധികളെക്കുറിച്ച് വിശദീകരിക്കുന്നത്.
കാണാതായവരില്‍ ഏറ്റവും വലിയ വിഭാഗം ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. പതിനായിരക്കണക്കിന് പാര്‍പ്പിട സമുച്ചയങ്ങള്‍ പൂർണമായി തകര്‍ന്നതിനെ തുടര്‍ന്ന് 8,100 പേരുടെ വിധി എന്താണെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രങ്ങളിലേക്കോ മറ്റോ പോകുന്നതിനിടയില്‍ 250ലധികം പേരെ കാണാതായിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി വേലി കടന്ന 350ലധികം ഫലസ്തീനികളെക്കുറിച്ചും ഇസ്‌റാഈല്‍ അധികൃതര്‍ ഇതുവരെ യാതൊരു വിവരവും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വടക്കന്‍ ഗസ്സയില്‍ നിന്ന് തെക്കന്‍ ഭാഗത്തേക്ക് സൈനിക ചെക്ക്‌പോസ്റ്റുകള്‍ വഴി മാറിയപ്പോഴോ അധിനിവേശ സൈന്യത്തിന്റെ നീക്കങ്ങള്‍ക്കിടയിലോ പിടിച്ചുകൊണ്ടുപോയ എണ്ണൂറിലധികം പേരെക്കുറിച്ചും യാതൊരു വിവരവുമില്ല.
ബലപ്രയോഗത്തിലൂടെ ആളുകളെ കാണാതാക്കുന്നത് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടവും ജനീവ കണ്‍വെന്‍ഷനും വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. അധിനിവേശ ശക്തിയെന്ന നിലയില്‍ കാണാതായവരെ കണ്ടെത്താനും തടവിലാക്കപ്പെട്ടവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറാനും അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കാനും ഇസ്‌റാഈലിന് ബാധ്യതയുണ്ടെന്ന് അല്‍ദമീര്‍ ഓർമിപ്പിച്ചു. 2023 ഒക്ടോബറിന് ശേഷം ഇസ്‌റാഈല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 73,000 പിന്നിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."