കോടിയേരിയുടെ മരണശേഷം പാര്‍ട്ടി നേതൃത്വം അവഗണിച്ചു: വിനോദിനി ബാലകൃഷ്ണന്‍
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരേ മുനവച്ച വിമര്‍ശനവുമായി പാർട്ടി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. കോടിയേരിയുടെ വിയോഗശേഷം കുടുംബത്തെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ക്രൂരമായി അവഗണിക്കുന്നതായി 'പച്ചക്കുതിര' മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വിനോദിനി തുറന്നടിച്ചു.
കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന ഒരു പൊളിറ്റ്ബ്യൂറോ അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്ന് എം.വി ഗോവിന്ദന്റെ പേരെടുത്തുപറയാതെ വിനോദിനി വിമര്‍ശിച്ചു. 'സ്വന്തം പോക്കറ്റിലുള്ള ഫോണ്‍ എടുത്ത് ഒന്ന് സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇത് മാറിയോ' എന്ന് അവര്‍ ചോദിക്കുന്നു. ശുപാര്‍ശയ്ക്കല്ല, ഒരു പ്രധാന കാര്യം അറിയിക്കാന്‍ വേണ്ടി ഉന്നത നേതാവിനെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തിട്ടില്ലെന്നും വിനോദിനി കുറ്റപ്പെടുത്തി.
ആ നേതാവ് പിണറായി വിജയനാണോ എന്ന ചോദ്യത്തിന് അല്ലെന്ന് വിനോദിനി വ്യക്തത വരുത്തി. 'പിണറായി വിജയന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കും; അപ്പോള്‍ പറ്റില്ലെങ്കില്‍ ആദ്യ അവസരത്തില്‍ തിരിച്ചുവിളിക്കു'മെന്നും അവര്‍ പറഞ്ഞു. തന്റെ ഷോപ്പിങ് ഭ്രമം അടക്കം ചര്‍ച്ചയായ സാഹചര്യങ്ങളും അവര്‍ വിശദീകരിച്ചു. എതിര്‍ചേരിയിലുള്ള കെ. സുധാകരന്‍ അടക്കമുള്ള നേതാക്കളുമായുള്ള ആത്മബന്ധവും വിനോദിനി അഭിമുഖത്തില്‍ വിശദീകരിച്ചു. മക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും അപ്പോള്‍ അനുഭവിച്ച മാനസികാവസ്ഥയുടെ ആഴവും വിനോദിനി വ്യക്തമാക്കുന്നു.
രോഗാവസ്ഥയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഏറെ വേദനിച്ചത് മകന്‍ ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നു. മകന്‍ തെറ്റുചെയ്തില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. സി.പി.എം വിമതനായ തളിപ്പറമ്പ് എം.എല്‍.എ ടി.കെ ഗോവിന്ദനെ വര്‍ഗവഞ്ചകന്‍ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും വിനോദിനി പറയുന്നു. ടി.കെ ഗോവിന്ദനെ പോലുള്ളവര്‍ പാര്‍ട്ടി വിടുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കണമായിരുന്നു.
പാര്‍ട്ടി കോടിയേരിയോട് അനീതി കാണിച്ചുവോ എന്ന ചോദ്യത്തിന് അത് ആലോചിക്കേണ്ട വിഷയമാണെന്നാണ് മറുപടി. തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് ഭര്‍ത്താവിന്റെ ഭൗതികശരീരം കൊണ്ടുപോകാത്തതിലുള്ള മനോവിഷമമാണ് അവര്‍ സൂചിപ്പിച്ചത്. ചരമദിനത്തില്‍ മാത്രം വരുന്ന ഉന്നത നേതൃത്വം ഒരിക്കലും കുടുംബത്തിന്റെ അവസ്ഥ അന്വേഷിച്ചിട്ടില്ലെന്ന വേദനയും അവര്‍ തുറന്നുപറഞ്ഞു. എന്നും ഈ പാര്‍ട്ടിയുടെ ആളായിത്തന്നെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. എന്നുവച്ച് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. അനാവശ്യ വിധേയത്വവും തനിക്കില്ലെന്നും വിനോദിനി അഭിമുഖത്തില്‍ പറഞ്ഞു.
ആരെയും അവഗണിക്കാറില്ല: ഇ.പി ജയരാജന്‍
സി.പി.എം നേതൃത്വത്തിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഇ.പി ജയരാജന്‍. വിനോദിനിയുടെ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും താന്‍ ആരെയും അവഗണിക്കാറില്ലെന്നും ഇ.പി പ്രതികരിച്ചു. 'എനിക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്. ഞാന്‍ ആരെയും അവഗണിക്കാറില്ല. ഞാനെന്ത് പറയാനാണ്'- ഇ.പി ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."