"സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..."
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ തന്നെ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടെന്ന വാർത്തയോട് പ്രതികരിച്ച് നടനും കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് താൻ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്ത കൊടുത്ത മാധ്യമങ്ങളെ കളിയാക്കി സുരേഷ് ഗോപി രംഗത്തെത്തിയത്.
"സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു... നിങ്ങൾ അറിഞ്ഞിരുന്നോ???? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ... സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്... ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം" എന്നാണ് തന്റെ സിനിമാ ഡയലോഗുകളെ ഓർമിപ്പിക്കും വിധം സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ച് കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വേളയിൽ തന്നെ സഭയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം സുരേഷ് ഗോപി പ്രധാനമന്ത്രിയെയും അമിത് ഷാ അടക്കമുള്ള നേതാക്കളെയും അറിയിച്ചതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരവധി സിനിമകൾ പൂർത്തിയാക്കാനുണ്ട് എന്ന ആവശ്യം മുൻനിർത്തിയാണ് തീരുമാനം എന്നാണ് റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായും വർത്തകളിലുണ്ട്.
2024 തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി.ജെ.പി എം.പിയാണ് അദ്ദേഹം. അന്ന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചതായി വാർത്തകൾ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."