വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര താരം സുകന്യക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. സുകന്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീരപ്പന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് നടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 2015ല്‍ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സണ്‍ ടിവി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഉത്തരവ്.
10,00,500 രൂപ സുകന്യക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഈ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ഭാവിയില്‍ ഒരിടത്തും പുനഃപ്രസിദ്ധീകരിക്കുകയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ചാനലിന് കോടതി സ്ഥിരം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
28 വര്‍ഷം മുന്‍പത്തെ ആ വിവാദ അഭിമുഖം
1996 ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തമിഴ് മാഗസിനായ 'നക്കീരന്‍' എഡിറ്റര്‍ ആര്‍.ആര്‍ ഗോപാല്‍ കാട്ടുകൊള്ളക്കാരന്‍ വീരപ്പനുമായി നടത്തിയ അഭിമുഖം സണ്‍ ടിവിയിലെ 'നേരുക്കു നേര്‍' എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു.
ഈ അഭിമുഖത്തിലാണ് സുകന്യക്ക് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മകനുമായി അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ വീരപ്പന്‍ ആരോപണം ഉന്നയിച്ചത്. തികച്ചും അടിസ്ഥാനരഹിതമായ ഈ വാര്‍ത്ത തന്റെ വ്യക്തിജീവിതത്തെയും സിനിമയിലെ കരിയറിനെയും തകര്‍ത്തുവെന്നും കടുത്ത മാനസികവിഷമം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സുകന്യ നിയമവഴി തേടിയത്.
ഉത്തരവാദിത്തത്തില്‍ നിന്ന് ചാനലിന് ഒഴിഞ്ഞുമാറാനാകില്ല
അഭിമുഖം തങ്ങള്‍ തയാറാക്കിയതല്ലെന്നും 'നക്കീരന്‍' നല്‍കിയ വിഡിയോ സംപ്രേക്ഷണം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സണ്‍ ടിവിയുടെ പ്രധാന വാദം. എന്നാല്‍, ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവിടുന്നതിന് മുന്‍പ് അത് എഡിറ്റ് ചെയ്യാനും അപകീര്‍ത്തികരമായ ഭാഗങ്ങള്‍ നീക്കം ചെയ്യാനുമുള്ള പൂര്‍ണ്ണമായ അധികാരം സണ്‍ ടിവിക്ക് ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
എഡിറ്റോറിയല്‍ നിയന്ത്രണമുള്ളതിനാല്‍ വാര്‍ത്തയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ചാനലിന് ഒഴിഞ്ഞുമാറാനാകില്ല. വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ സുകന്യയോടോ മറ്റ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളോടോ അന്വേഷിക്കാന്‍ ചാനല്‍ തയ്യാറായില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് ഒരു തമിഴ് മാഗസിന്‍ വഴി തങ്ങള്‍ സുകന്യയോട് മാപ്പ് ചോദിച്ചിരുന്നു എന്ന ചാനലിന്റെ വാദവും കോടതി തള്ളി. സ്വന്തം ചാനലിലൂടെ വരുത്തിയ പിഴവിന് മറ്റൊരു മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അപകീര്‍ത്തികരമായ വാര്‍ത്ത കണ്ട അതേ പ്രേക്ഷകരിലേക്ക് തന്നെ ക്ഷമാപണവും എത്തണമായിരുന്നു. അതിന് തയ്യാറാകാത്തത് ചാനലിന്റെ ദുരുദ്ദേശമാണ് വ്യക്തമാക്കുന്നതെന്നും കോടതി വിധിയില്‍ നിരീക്ഷിച്ചു.
The Madras High Court has upheld a verdict ordering Sun TV to pay ₹10 lakh in damages to actress Sukanya for broadcasting defamatory allegations made against her by forest bandit Veerappan in 1996.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."