ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും; നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്
മനില: ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം. ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്ദനാവോ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ സുനാമിയുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി. നാല് ഫീറ്റ് രേഖപ്പെടുത്തിയ സുനാമി തിരകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോയിലെ ആറിടങ്ങളില്‍ സുനാമി തിരകള്‍ എത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി
ആന്‍ഡ് സീസ്‌മോളജിയുടേതാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ഫിലിപ്പീന്‍സിലും അയല്‍രാജ്യമായ ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് നിലവില്‍ അഞ്ച് പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഭൂപ്രതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് ജി.എഫ്.ഇസെഡ് പുതുക്കി നിശ്ചയിക്കുകയായിരുന്നു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഫിലിപ്പീന്‍സിലെ ജനറല്‍ സാന്റോസ് നഗരത്തില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വീടുകളില്‍ ഫര്‍ണിച്ചറുകളും ടി.വി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും വീണു തകര്‍ന്നതായും പ്രാദേശിക റേഡിയോ സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ചലനങ്ങള്‍ ഭയന്ന് ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങി. പലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ അധികൃതര്‍ വിലയിരുത്തി വരുന്നതേയുള്ളൂ.
ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ഏകോപിപ്പിച്ചു വരികയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ അറിയിച്ചു. ദേശീയ സര്‍ക്കാര്‍ അടിയന്തര നടപടികളിലേക്ക് നീങ്ങുകയാണെന്നും മിന്ദനാവോയിലെ ജനങ്ങളെ ഒറ്റപ്പെടുത്തുകയില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ഉറപ്പുനല്‍കി.
ഫിലിപ്പീന്‍സിലെ രണ്ടാമത്തെ വലിയ ദ്വീപായ മിന്ദനാവോക്ക് സമീപം കടലിലാണ് ഭൂചലനമുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."