പുറ്റിങ്ങല്‍ വെടിക്കെട്ട് കരാറുകാരന്റെ വീട്ടുവളപ്പില്‍ ഉഗ്രസ്‌ഫോടനം
കഠിനംകുളം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടിനിടെ വന്‍ ദുരന്തിനിടയായാക്കിയ വെടിക്കെട്ട് കരാറുകാരന്‍ സുരേന്ദ്രന്‍ ആശാന്റെ കഴക്കൂട്ടം എഫ്.സി.ഐക്കു സമീപമുള്ള വീട്ടുവളപ്പില്‍ ഉഗ്രസ്‌ഫോടനം. വെള്ളിയാഴ്ച രാത്രി 12.30ഓടെ സുരേന്ദ്രന്‍ ആശാന്റെ കുടുംബവീടായ കഴക്കൂട്ടം തെക്കേമുക്ക് ശാന്തിനിവാസിലാണ് സംഭവം. ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്‌ഫോടനം നടന്ന ഇടം കുഴിബോംബ് പൊട്ടിയതുപോലെ ഒന്നരയടിയോളം താഴ്ചയില്‍ മണല്‍ തെറിച്ചുപോയി ചെറിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ മതില്‍ തകരുകയും തൊട്ടടുത്ത വീടിന്റെ ജനാലകള്‍ കേടുപാടാവുകയും ചെയ്തു. പുറ്റിങ്ങല്‍ ദുരന്തത്തെത്തുടര്‍ന്ന് സുരേന്ദ്രന്‍ ആശാന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത പടക്കങ്ങള്‍ വീടിന്റെ പിന്നിലെ പുരയിടത്തില്‍ നിര്‍മിച്ചിട്ടുള്ള മുറിയില്‍ സീല്‍ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അതിനടുത്താണ് ഇപ്പോള്‍ പൊട്ടിത്തെറി ഉണ്ടായത്. എന്നാല്‍ പൊലിസ് സീല്‍ ചെയ്തു സൂക്ഷിക്കുന്ന മുറിയിലെ സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിതമാണെന്നാണ് പൊലിസ് പറയുന്നത്. ഇതിലേക്ക് തീ പടര്‍ന്നിരുന്നുവെങ്കില്‍ വന്‍പൊട്ടിത്തെറിയും ഒരു പുറ്റിങ്ങല്‍ ദുരന്തം കഴക്കൂട്ടത്തും ആവര്‍ത്തിച്ചേനെ.
ഇവിടെയും സുരേന്ദ്രന്റെ കഴക്കൂട്ടത്തെ ബില്‍ഡിങ്ങിലും പൊലിസ് പിടിച്ചെടുത്തു സീല്‍ചെയ്ത സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനു കൊച്ചിയില്‍ നിന്നുള്ള ബോംബ് നിര്‍വീര്യ വിദഗ്ധര്‍ എത്തിയിരുന്നു. ആള്‍വാസം ഇല്ലാത്ത പ്രദേശത്തെ പാറമടകളില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കാനാണ് അന്ന് പദ്ധതിയിട്ടത്. അന്നേദിവസം അതിനു സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞു മാറ്റിവയ്ക്കുകയും ഉദ്യോഗസ്ഥര്‍ തിരിച്ചുപോകുകയുമായിരുന്നു. ഇവിടെ കുറച്ചുനാള്‍ മുമ്പുവരെ പൊലിസ് സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. പുറ്റിങ്ങല്‍ ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്ന സുരേന്ദ്രന്‍ ആശാനും സഹായിയായി പ്രവര്‍ത്തിച്ച അനുജനും ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മരണമടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."