മെക്‌സിക്കന്‍ വേവ്
മെക്‌സിക്കോ സിറ്റി: 80000ത്തിന് മുകളില്‍ വരുന്ന കാണികള്‍ക്ക് ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിരുന്നൊരുക്കി മിന്നും ജയവുമായി മെക്‌സിക്കോ. ആര്‍ത്തിരമ്പിയ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി മെക്‌സിക്കന്‍ ചടുലതാളങ്ങളുമായി ഗംഭീര കാല്‍പ്പന്തുകളി കാഴ്ച്ചവച്ച മെക്‌സിക്കോ എതിരില്ലാത്ത രണ്ടുഗോളിനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മൂന്ന് ചുവപ്പുകാര്‍ഡുകള്‍ കണ്ട മത്സരം തീര്‍ത്തും ഏകപക്ഷീയമായിരുന്നു മത്സരമെന്ന് പറയാം. ഒരുഘട്ടത്തിലും ദക്ഷിണാഫ്രിക്ക ചെറുഭീഷണി പോലും ഉയര്‍ത്തിയില്ല. നിരന്തരം മുന്നേറ്റങ്ങളുമായി മെക്‌സിക്കോ ഭീഷണിയുയര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് പലപ്പോഴും രക്ഷകനായത് ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസാണ്. മൂന്നിലധികം സേവുകളാണ് ആദ്യ പകുതിയില്‍ തന്നെ താരം നടത്തിയത്.
നാലാം മിനുട്ടില്‍ തന്നെ റൗള്‍ ജിമെനസിന്റെ തകര്‍പ്പനൊരു ഷോട്ട് വില്യംസ് സേവ് ചെയ്തതോടെ മത്സരത്തിന് ചൂടുപിടിച്ചു. എന്നാല്‍ മെക്‌സിക്കോയ്ക്ക് ഗോളിനായി അധികം കാത്തിരിക്കേണ്ടി വന്നില്ല. മത്സരത്തിന്റെ ഒന്‍പതാം മിനുട്ടില്‍ തന്നെ സ്റ്റേഡിയം കാത്തിരുന്ന ഗോളെത്തി. ഇത്തവണ വില്ലനായത് ഗോള്‍കീപ്പര്‍ വില്യംസായിരുന്നു. ജൂലിയാന്‍ ക്വിനോനസിന്റെ തകര്‍പ്പന്‍ ഷോട്ട് വില്യംസിന് സേവ് ചെയ്യാമായിരുന്നെങ്കിലും തീര്‍ത്തും അലക്ഷ്യമായ പിഴവിലൂടെ മെക്‌സിക്കോയ്ക്ക് ഗോള്‍ സമ്മാനിക്കുകയായിരുന്നു.
ക്വിനോനസ് ഇത് കഴിഞ്ഞ 17 മത്സരങ്ങള്‍ക്കിടെ നേടുന്ന ആദ്യ ഗോളായിരുന്നു. അടുത്തിടെ നടന്ന സഊദി പ്രൊ ലീഗില്‍ 33 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം മെക്‌സിക്കന്‍ ടീമിനായും ആ ഫോം തുടരുകയായിരുന്നു. അധികം വൈകാതെ തന്നെ ക്വിനോനസ് വീണ്ടുമൊരു ശ്രമം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം ഇത് തകര്‍ക്കുകയായിരുന്നു. 23ാം മിനുട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യത്തെ ഗോള്‍ ശ്രമം ലഭിക്കുന്നത്. എന്നാല്‍ തീര്‍ത്തും ദുര്‍ബലമായ ഷോട്ട് ലക്ഷ്യം കണ്ടില്ല.
ഇടയ്ക്ക് ഡ്രിങ്ക്‌സ് ബ്രേക്കുകളും ടീമിന് ലഭിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന മെക്‌സിക്കോയെയാണ് കണ്ടത്. ഫിഡാല്‍ഗോയും ജിമെനസും ചേര്‍ന്നായിരുന്നു അറ്റാക്കിങ്. ഇവിടെയും വില്യംസ് രക്ഷകനായി. ആദ്യ പകുതിക്ക് മുമ്പ് ജിമെനസ് വീണ്ടും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 49ാം മിനുട്ടില്‍ മത്സരത്തിലെ ആദ്യ ചുവപ്പുകാര്‍ഡ് പിറന്നു. ദക്ഷിണാഫ്രിക്കയുടെ സിപ്പെഫെലോ സിഥോളെയ്ക്ക് ജിമെനസിനെ വീഴ്ത്തിയതിനാണ് ചുവപ്പുകാര്‍ഡ് ലഭിച്ചത്. 68ാം മിനുട്ടില്‍ ജിമെനസിന് കഠിനാധ്വാനത്തിനുള്ള ഫലം ലഭിച്ചു. മികച്ച ഗോളിലൂടെ താരം ടീമിന്റെ ലീഡുയര്‍ത്തി. 84ാം മിനുട്ടില്‍ തെമ്പ സ്വാനെയ്ക്ക് പുറത്തുപോവേണ്ടി വന്നതോടെ ദക്ഷിണാഫ്രിക്ക 9 പേരായി ചുരുങ്ങി. മോണ്ടസിന് ചുവപ്പുകാര്‍ഡ് കണ്ടത് അവസാന നിമിഷം ദക്ഷിണാഫ്രിക്കയ്ക്കും തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."