നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രാമനാട്ടുകര, ഫറോക്ക് മേഖലകളില്‍ ജാഗ്രത ശക്തമാക്കി
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങളും ചികിത്സ തേടിയ ആശുപത്രികളുമടക്കമുള്ള വിവരങ്ങളാണ് റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റൂട്ട് മാപ്പ് പ്രകാരം മെയ് 30 മുതല്‍ ജൂണ്‍ ഒന്ന് വരെ രോഗി വീട്ടില്‍ തന്നെയായിരുന്നു. ജൂണ്‍ രണ്ടിന് രാവിലെ 10മണിയോടെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ലാബ് പരിശോധന നടത്തി. ഡോക്ടറെ കണ്ട് 12.30ഓടെ വീട്ടിലേക്ക് മടങ്ങി. ജൂണ്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഫറോക്ക് കോളജ് പോസ്റ്റ് ഓഫിസില്‍ സ്വന്തം വാഹനത്തില്‍ പോയതായി വ്യക്തമാകുന്നു. ജൂണ്‍ ഏഴിന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാവിലെ 8.35ഓടെ വീണ്ടും ഫറോക്ക് ചുങ്കത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് പോയത്. രാവിലെ മുതല്‍ ഉച്ചവരെ കാഷ്വാലിറ്റിയിലും പിന്നീട് ആശുപത്രിയിലെ സ്വകാര്യ മുറിയില്‍ അഡ്മിറ്റും ചെയ്തു.
ജൂണ്‍ എട്ടിന് രാത്രി എട്ടുമണിയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചുങ്കത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ആംബുലന്‍സില്‍ മാങ്കാവ് മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ ഒമ്പതിന് ഉച്ചയോടെ യു.എസ്.ജി, എം.ആര്‍.ഒ അടക്കമുള്ള വിവിധ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് വൈകീട്ട് 4.30ഓടെ ഐസൊലേഷന്‍ ഐ.സി.യുവിലേക്ക് മാറ്റി. പിന്നാലെ ജൂണ്‍ 10-ന് രാത്രി 11.30 ഓടെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
റൂട്ട് മാപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങളിലോ ആശുപത്രികളിലോ ഇതേ സമയങ്ങളില്‍ എത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗിയുമായി അടുത്ത ബന്ധമുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല. സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. മൃഗങ്ങളില്‍ നിന്നുള്ള രോഗപകര്‍ച്ച തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായാണ് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നത്.
30/05/2026
വീട്
01/06/2026
വീട്
02/06/2026
വീട് -(സ്വകാര്യ കാര്‍) ഫറോക്ക്, ചുങ്കം സ്വകാര്യ ആശുപത്രി- ഒ.പി വെയ്റ്റിങ് ഏരിയ (ഡോ.മുരളീധരന്‍) രാവിലെ 10.00 മുതല്‍ 10.30 വരെ- ലാബ് 10.40- ഡേ കെയര്‍ വാര്‍ഡ് 11.30 മുതല്‍ ഉച്ചയ്ക്ക് 12.50 വരെ-സ്വകാര്യ കാര്‍ -വീട്
03/06/2026
വീട്- (സ്വന്തം വാഹനം) ഫറോക്ക് കോളജ് പോസ്റ്റ് ഓഫിസ്. രാവിലെ 9.15 മുതല്‍ 10.30 വരെ
04/06/2026
വീട്- (സ്വന്തം വാഹനം) ഫറോക്ക് കോളജ് പോസ്റ്റ് ഓഫിസ്. രാവിലെ 9.15 മുതല്‍ 10.30 വരെ
05/06/2026
വീട്- (സ്വന്തം വാഹനം) ഫറോക്ക് കോളജ് പോസ്റ്റ് ഓഫിസ്. രാവിലെ 9.15 മുതല്‍ 10.30 വരെ
06/06/2026
വീട്- (സ്വന്തം വാഹനം) ഫറോക്ക് കോളജ് പോസ്റ്റ് ഓഫിസ്. രാവിലെ 9.15 മുതല്‍ 10.30 വരെ
07/06/2026
വീട്- (ഓട്ടോ) ഫറോക്ക് ചുങ്കം സ്വകാര്യ ആശുപത്രി. കാഷ്വാലിറ്റി രാവിലെ 8.30. സ്വകാര്യ റൂം ഉച്ചയ്ക്ക് 2.30
08/06/2026
സ്വകാര്യ ചുങ്കം ആശുപത്രി ഫറോക്ക്. രാത്രി 8.06 ഡിസ്ചാര്‍ജ് - ആംബുലന്‍സ് - കോഴിക്കോട് ആസ്റ്റര്‍ മിംസ് അത്യാഹിത വിഭാഗം രാത്രി 8.46
09/06/2026
കോഴിക്കോട് ആസ്റ്റര്‍ മിംസ് വാര്‍ഡ് പുലര്‍ച്ചെ 1.00- യു.എസ്.ജി, എം.ആര്‍.ഐ പരിശോധന പുലര്‍ച്ചെ 1.45, ഐസൊലേഷന്‍ ഐ.സി.യു പുലര്‍ച്ചെ 4.30.
10/06/2026
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസൊലേഷന്‍ ഐ.സി.യു രാത്രി 11.30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."