പരാഗ്വെന്‍ വലയില്‍ അമേരിക്കന്‍ ഗോള്‍വര്‍ഷം; ലോകകപ്പില്‍ ജയത്തുടക്കമിട്ട് ആതിഥേയര്‍
ലോസ് ആഞ്ചലസ്: പരാഗ്വെയ്‌ക്കെതിരേ തകര്‍പ്പന്‍ ജയവുമായി സ്വന്തം നാട്ടിലെ ലോകകപ്പില്‍ ജയത്തുടക്കമിട്ട് യു.എസ്.എ. ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം. സ്‌ട്രൈക്കര്‍ ഫ്‌ളോറിയന്‍ ബലോഗന്റെ ഇരട്ട ഗോള്‍ മികവിലായിരുന്നു അമേരിക്കന്‍ ജയം.
മത്സരത്തിന്റെ തുടക്കം മുതല്‍ ഗോളിനായി ആക്രമിച്ചു കളിച്ച യു.എസ്.എ ഏഴാം മിനുട്ടില്‍ തന്നെ ലക്ഷ്യം കണ്ടു.
പരാഗ്വന്‍ മധ്യനിരതാരം ഡാമിയന്‍ ബൊബാഡില്ലയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിങ്ങില്‍നിന്ന് യു.എസ്.എ നായകന്‍ ക്രിസ്റ്റ്യന്‍ പുലിസിച് ബോക്‌സിലുള്ള വെസ്റ്റണ്‍ മക്കെന്നിക്ക് നല്‍കിയ ക്രോസ് തടയാന്‍ ശ്രമിച്ച ബൊബാഡില്ലയ്ക്ക് പിഴച്ചു. താരത്തിന്റെ കാലില്‍ തട്ടിയ പന്ത് തിരിഞ്ഞത് സ്വന്തം പോസ്റ്റിലേക്കായിരുന്നു.
31ാം മിനുട്ടില്‍ യു.എസ്.എ ലീഡ് ഇരട്ടിയാക്കി. ഫ്‌ളോറിയന്‍ ബലോഗനാണ് ഇത്തവണ പരാഗ്വന്‍ വലകുലുക്കിയത്. ഇടതുവിങ്ങില്‍നിന്ന് ക്രിസ്റ്റ്യന്‍ പുലിസിച് പരാഗ്വന്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് പിടിച്ചെടുത്ത ബലോഗന്‍ പരാഗ്വെന്‍ പ്രതിരോധത്തിന് ഒരു അവസരവും കൊടുക്കാതെ ഉഗ്രന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബലോഗന്റെ അടുത്ത ഗോളുമെത്തി. മൈതാന മധ്യത്തുനിന്ന് മാലിക് തില്‍മാന്‍ നീട്ടി നല്‍കിയ പന്ത് സ്വീകരിച്ച ബലോഗന്‍ പരാഗ്വന്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി അമേരിക്കന്‍ വല കുലുക്കുകയായിരുന്നു. ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് ബലോഗന്‍ തൊടുത്ത ഷോട്ട് പരാഗ്വന്‍ കീപ്പര്‍ ഒര്‍ലാണ്ടോ ഗില്ലിനെ കാഴ്ചക്കാരനാക്കി വലതുളഞ്ഞു. രണ്ടാം പകുതിയിലും നിറഞ്ഞുകളിച്ച യു.എസ്.എക്ക് പക്ഷെ ലക്ഷ്യം കാണാനായില്ല.
ഒടുവില്‍ അമേരിക്കയെ ഞെട്ടിച്ച് പരാഗ്വയുടെ ആശ്വാസ ഗോളെത്തി. പകരക്കാരനായിറങ്ങിയ മൗറീഷ്യയോണ് അമേരിക്കന്‍ വലകുലുക്കിയത്. പരാഗ്വന്‍ പകുതിയില്‍നിന്ന് ഗോള്‍കീപ്പര്‍ ഒര്‍ലാണ്ടോ ഗില്ലെടുത്ത ഫ്രീകിക്ക് സ്വീകരിച്ച ജൂലിയന്‍ എന്‍സിസോ പന്ത് മൗറീഷ്യോയിലേക്ക് നല്‍കി. പരാഗ്വന്‍ പ്രതിരോധത്തെ അനായാസം മറികടന്ന് മൗറീഷ്യോസ് ടീമിന്റെ ആശ്വാസ ഗോള്‍ നേടുകയായിരുന്നു.തൊട്ടുപിന്നാലെ 75ാം മിനുട്ടില്‍ ഒരു സുവര്‍ണാവസരം യു.എസ്.എ പാഴാക്കുകയും ചെയ്തു. മത്സരം അവസാനിക്കാനിരിക്കെ വീണ്ടും അമേരിക്കന്‍ ഗോളെത്തി. പകരക്കാരനാായെത്തിയ ജിയോവാന്നി റെയ്‌നയാണ് പരാഗ്വയുടെ പതനത്തിന് അവസാന ആണിയടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."