മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെയും കുടുംബത്തെയും വധിക്കുമെന്ന് പൊലിസ് കൺട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പൊലിസ് പിടികൂടി. ആറ്റിങ്ങൽ, വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ സോണി തോമസാണ് (38) അറസ്റ്റിലായത്. കൺട്രോൺമെൻ്റ് പൊലിസും സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്നലെ വൈകുന്നേരം 06.50-ഓടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പൊലിസ് കമാൻഡിംഗ് സെൻ്ററിലെ (DPCC) ഒഫീഷ്യൽ ഫോൺ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് പ്രതിയുടെ കോൾ എത്തിയത്. പലതവണ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ഇയാൾ ആവർത്തിക്കുകയായിരുന്നു.
തുടർന്ന് പൊലിസ് ഉദ്യോഗസ്ഥർ കാര്യമാരാഞ്ഞപ്പോൾ, തനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ ഇഷ്ടമല്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തി മാധ്യമങ്ങളിലൂടെ പ്രശസ്തനാകാനാണ് താൻ ശ്രമിച്ചതെന്നും പ്രതി പൊലിസിനോട് സമ്മതിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
അതേസമയം ഇന്നലെ തളിപ്പറമ്പ് സ്വതന്ത്ര എം.എൽ.എ ടി.കെ. ഗോവിന്ദന് നേരെയും വധഭീഷണി നടന്നു. വൈകിട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അജ്ഞാതൻ ഫോണിലൂടെ വധഭീഷണി മുഴക്കിയത്. സംഭവത്തിൽ എം.എൽ.എ മയ്യിൽ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും' എന്നായിരുന്നു ഫോൺ വിളിച്ചയാളുടെ ഭീഷണി. കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഇയാൾ കടുത്ത ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം ബന്ധം ഉപേക്ഷിച്ച ടി.കെ. ഗോവിന്ദൻ, യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് പാർട്ടിക്കോട്ടയിൽ അട്ടിമറി വിജയം നേടിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
the police have registered a case and initiated a thorough investigation following a death threat directed at chief minister v.d. satheesan and his family members. security measures have been tightened as authorities track down the source of the threatening message.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."