കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ട 'വാവാച്ചി' പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കരിമഠം കോളനി സ്വദേശി 'വാവാച്ചി' എന്ന് വിളിക്കുന്ന സനൽകുമാർ (23) ആണ് ഫോർട്ട് പൊലിസിന്റെ പിടിയിലായത്.
കുടുംബ വഴക്കിനിടെ ഇയാൾ ഭാര്യയെ അതിരൂക്ഷമായി അസഭ്യം പറയുകയും, തലയിലും മുഖത്തും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു. തുടർന്ന് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ പ്രതി, കയ്യിലിരുന്ന കത്തികൊണ്ട് ഭാര്യയെ ആക്രമിച്ച് ഗുരുതരമായി മുറിവേൽപ്പിക്കുകയായിരുന്നു.
റൗഡി ലിസ്റ്റിലെ കുപ്രസിദ്ധ താരം
പൊലിസ് റെക്കോർഡുകൾ പ്രകാരം ഫോർട്ട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സനൽകുമാർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.പൂജപ്പുര, ഫോർട്ട്, കരമന സ്റ്റേഷനുകൾക്ക് പുറമെ തിരുവനന്തപുരം റൂറൽ പരിധിയിലെ മലയിൻകീഴ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.വധശ്രമം, മയക്കുമരുന്ന് കച്ചവടം, കവർച്ച, ആക്രമണം ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകൾ നിലവിൽ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ഫോർട്ട് പൊലിസ് അതിവേഗം പിന്തുടർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."