വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം
ടൊറന്റോ: ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഘാന ഫുട്‌ബോൾ ടീമിന് വൻ തിരിച്ചടി. സൂപ്പർ മിഡ്ഫീൽഡർ തോമസ് പാർട്ടിക്ക് കാനഡ സർക്കാർ വിസ നിഷേധിച്ചു. ഇതോടെ പാനമയ്‌ക്കെതിരെ ടൊറന്റോയിൽ നടക്കുന്ന ഘാനയുടെ ആദ്യ ലോകകപ്പ് മത്സരം 32കാരനായ പാർട്ടിക്ക് നഷ്ടമാകും.
ലൈംഗിക പീഡനക്കേസുകളിൽ വിചാരണ നേരിടുന്ന പശ്ചാത്തലത്തിലാണ് കനേഡിയൻ അധികൃതർ താരത്തിന് യാത്രാ അനുമതി നിഷേധിച്ചത്. നിലവിൽ ഘാന ടീമിന്റെ ബോസ്റ്റണിലുള്ള പരിശീലന ക്യാമ്പിലുള്ള പാർട്ടിക്ക് കാനഡയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടനയായ ഫിഫ സ്ഥിരീകരിച്ചു.
'ആതിഥേയ രാജ്യങ്ങളുടെ ഇമിഗ്രേഷൻ നിയമങ്ങളിലോ വിസ നടപടികളിലോ ഫിഫ ഇടപെടാറില്ല. ആർക്കൊക്കെ വിസ നൽകണം, രാജ്യത്തേക്ക് പ്രവേശിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അതത് രാജ്യങ്ങളിലെ സർക്കാരുകൾക്കാണ്- ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കി.
കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായവർക്കോ ശിക്ഷിക്കപ്പെട്ടവർക്കോ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാറില്ല. മുൻ ആഴ്‌സണൽ താരവും നിലവിൽ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിന്റെ മിഡ്ഫീൽഡറുമായ തോമസ് പാർട്ടി, 2020നും 2022നും ഇടയിൽ നാല് വ്യത്യസ്ത സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഏഴ് ബലാത്സംഗക്കേസുകളിലും ഒരു ലൈംഗിക പീഡനക്കേസിലും പ്രതിയാണ്. വരുന്ന വർഷമാണ് ഈ കേസുകളിൽ താരത്തിന്റെ വിചാരണ ആരംഭിക്കുന്നത്. തനിക്കെതിരെയുള്ള കുറ്റാരോപണങ്ങളെല്ലാം താരം നിഷേധിച്ചിട്ടുണ്ടെങ്കിലും, വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് കാനഡ കർശന നിലപാട് സ്വീകരിച്ചത്. ഘാനയുടെ മധ്യനിരയിലെ കരുത്തനായ താരത്തിന് കളിക്കാൻ കഴിയാത്തത് ടൂർണമെന്റിൽ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തെ കാര്യമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."