ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ
പാരീസ്: ദിദിയർ ദെഷാംപ്‌സ് സ്ഥാനമൊഴിയുമ്പോൾ, ഫ്രഞ്ച് ദേശീയ ഫുട്‌ബോൾ ടീമിന്റെ അടുത്ത പരിശീലകനായി ഇതിഹാസ താരം സിനദിൻ സിദാൻ എത്തണമെന്ന ആഗ്രഹം പരസ്യമാക്കി സൂപ്പർ താരം ഉസ്മാനെ ഡെംബെലെ. 2026 ഫിഫ ലോകകപ്പിന് ശേഷം, നീണ്ട 14 വർഷത്തെ സേവനം അവസാനിപ്പിച്ച് ദെഷാംപ്‌സ് പരിശീലക സ്ഥാനം ഒഴിയുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഡെംബെലെയുടെ ഈ പ്രതികരണം.
2012ൽ ഫ്രാൻസിന്റെ ചുമതലയേറ്റ ദെഷാംപ്‌സ് ടീമിന് സമാനതകളില്ലാത്ത വിജയങ്ങളാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ കീഴിൽ 2018ൽ ഫ്രാൻസ് ലോകകിരീടം ചൂടി. 2022 ലോകകപ്പിലും 2016 യൂറോ കപ്പിലും ടീമിനെ റണ്ണേഴ്‌സ് അപ്പാക്കാനും ദെഷാംപ്‌സിന് കഴിഞ്ഞു. കൂടാതെ 2020-21 സീസണിലെ യുവേഫ നേഷൻസ് ലീഗ് കിരീടവും ഫ്രാൻസ് സ്വന്തമാക്കിയത് ഇദ്ദേഹത്തിന്റെ തന്ത്രങ്ങളിലൂടെയാണ്.
പ്രശസ്ത കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റൊമാനോ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഡെംബെലെ സിദാനെ വാനോളം പുകഴ്ത്തുന്നുണ്ട്.
'സിനദിൻ സിദാൻ ഒരു ഇതിഹാസമാണ്, വരുംതലമുറകൾക്ക് ഒരു വഴികാട്ടിയാണ്. എന്നെങ്കിലും അദ്ദേഹം ഫ്രാൻസിന്റെ പുതിയ മുഖ്യപരിശീലകനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ വ്യക്തിയാണദ്ദേഹം. ദേശീയ ടീമിനൊപ്പവും അദ്ദേഹത്തിന് അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും - ഉസ്മാൻ ഡെംബെലെ പറഞ്ഞു.
ഫ്രാൻസിനായി കളിക്കാരനെന്ന നിലയിൽ ലോകകപ്പും യൂറോ കപ്പും നേടിയിട്ടുള്ള സിദാൻ എക്കാലത്തെയും മികച്ച ഫുട്‌ബോളർമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന രണ്ട് ഘട്ടങ്ങളിലായി തുടർച്ചയായ മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗുകൾ ഉൾപ്പെടെ ആകെ 11 കിരീടങ്ങൾ അദ്ദേഹം ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്. ദെഷാംപ്‌സിന്റെ പകരക്കാരനായി ഫ്രാൻസ് സിദാനെ തന്നെയെത്തിക്കുമോ എന്നാണ് ഇപ്പോൾ കായികലോകം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."