ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമനം: കെ.ബി പ്രദീപിനോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേവസ്വം വകുപ്പിലെ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തെച്ചൊല്ലി വിവാദത്തിന് പിന്നാലെ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍. ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായ അഭിഭാഷകന്‍ കെ.ബി പ്രദീപിനെ ഒഴിവാക്കാനാണ് തീരുമാനം. ഉടന്‍ രാജിവെക്കാനാണ് നിര്‍ദേശം.
ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയുടെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കിയ നടപടി സ്വര്‍ണകവര്‍ച്ചാകേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിഭാഗത്തുണ്ടായിരുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന അഡ്വ. കെ.ബി പ്രദീപിനെ ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായാണ് നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവ. പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളൂ.
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുള്ള കേസുകളുടെ നടത്തിപ്പിനു കുറച്ചുകൂടി ഫലപ്രദമായ സംവിധാനം വേണമെന്നു ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കി കെ.ബി പ്രദീപിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ശബരിമല മേല്‍ശാന്തി കേസിലെ അമിക്കസ് ക്യൂറി ആയും കൊട്ടിയൂര്‍ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മിഷണറായി 13 വര്‍ഷവും പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെ സ്വര്‍ണക്കൊള്ളക്കേസില്‍ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്നും കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നുള്‍പ്പെടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചാണ്. ഈ സ്വര്‍ണം ഇടനിലക്കാരനായ കല്‍പേഷ് വഴി ജ്വല്ലറി ഉടമയായ ഗോവര്‍ധനു വിറ്റുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. കുറ്റാരോപിതരായ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനാണ് ഇപ്പോള്‍ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിക്കപ്പെട്ടിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്.ഐ.ടി അന്വേഷണം തുടരുകയാണ്. കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. എന്നിരിക്കെയാണ് പ്രതിഭാഗം അഭിഭാഷകന്‍ ഗവ. പ്ലീഡറായെത്തുന്നത്.
നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നുമായിരുന്നു ദേവസ്വം മന്ത്രി കെ.മുരളീധരന്‍ പ്രതികരിച്ചത്. അതില്‍ താന്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും ചോദിച്ചു.
നേരത്തെ സണ്ണി ജോസഫിന്റെ ബന്ധു ബെന്നി തോമസിന്റെ നിയമനവും വിവാദമായിരുന്നു. ഇതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ബെന്നി തോമസ് രാജിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമന വിവാദമുണ്ടായിരിക്കുന്നത്.
kerala government has decided to remove advocate k.b. pradeep as special government pleader for the devaswom department following controversy over his previous appearance for a company linked to the sabarimala gold theft case. the move comes amid opposition criticism and ongoing investigation into the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."