വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ ജാഗ്രതൈ, ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
ദുബൈ: വീടുകളിൽ താൽക്കാലിക ജീവനക്കാരെയും മണിക്കൂർ വേതനത്തിന് ജോലി ചെയ്യുന്നവരെയും നിയമിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മോഷണങ്ങൾ തടയുന്നതിനുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ലൈസൻസുള്ളതും അംഗീകൃതവുമായ ഏജൻസികൾ വഴി മാത്രമേ താൽക്കാലിക ഗാർഹിക തൊഴിലാളികളെ നിയമിക്കാവൂ എന്ന് പൊലിസ് വീട്ടുടമസ്ഥരോട് കർശനമായി ആവശ്യപ്പെട്ടു.
ജോലിക്ക് നിർത്തുന്നതിന് മുൻപ് തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്. അപരിചിതരോ അനധികൃതരോ ആയ വ്യക്തികളെ ഒരു കാരണവശാലും വീടുകളിൽ പ്രവേശിക്കാൻ അനുവദിക്കരുത്. കുടുംബാംഗങ്ങളുടെയും വീടുകളുടെയും സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ ഈ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലിസ് ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായി ഓർമ്മിപ്പിച്ചു.
താൽക്കാലിക തൊഴിലാളികൾ വീട്ടിലുള്ളപ്പോൾ പണം, സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ എളുപ്പത്തിൽ കാണുന്ന രീതിയിൽ തുറന്നിടരുത്.
"മോഷണത്തിനോ നഷ്ടപ്പെടാനോ ഉള്ള സാധ്യതകൾ ഒഴിവാക്കാൻ പ്രധാനപ്പെട്ട രേഖകളും വിലപിടിപ്പുള്ള സാമഗ്രികളും സുരക്ഷിതമായ ലോക്കറുകളിലോ സ്ഥലങ്ങളിലോ സൂക്ഷിക്കേണ്ടതുണ്ട്," പൊലിസ് നിർദ്ദേശിച്ചു.
വീടുകളിലെ കുട്ടികളെയും പ്രായമായവരെയും അപരിചിതരോ വിശ്വസിക്കാൻ കൊള്ളാത്തവരോ ആയ തൊഴിലാളികൾക്കൊപ്പം തനിച്ചാക്കി പോകരുത്. അവർക്ക് കൃത്യമായ മേൽനോട്ടം ഉറപ്പുവരുത്തേണ്ടത് കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്.
സംശയകരമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാം
താൽക്കാലിക ജീവനക്കാരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റമോ പ്രവൃത്തികളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണം. ഗാർഹിക സുരക്ഷ എന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്നും ജാഗ്രതയിലൂടെ മാത്രമേ കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കൂ എന്നും പൊലിസ് ഓർമ്മിപ്പിച്ചു.
പൊതുജനങ്ങൾക്ക് ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിലെ "Police Eye" സേവനം വഴിയോ, അല്ലെങ്കിൽ അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിൽ വിളിച്ചോ വിവരങ്ങൾ കൈമാറാവുന്നതാണ്. വഴിവിട്ട നീക്കങ്ങൾക്കെതിരെ എപ്പോഴും ജാഗരൂകരായിരിക്കാൻ ദുബൈ പൊലിസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Dubai Police has urged residents to follow legal procedures when hiring domestic workers, warning that ignoring verification requirements could lead to penalties, fraud risks, and legal complications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."