ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ
മലപ്പുറം:ഡിജിറ്റൽ അധ്യാപന രംഗത്ത് വ്യത്യസ്തരാവുകയാണ് മദ്റസാ അധ്യാപകർ. സമസ്ത പ്രത്യേകം തയാറാക്കിയ, രാജ്യത്തെ ആദ്യത്തെ മദ്‌റസ ലേണിംഗ് ബിഗ് സ്ക്രീൻ ആപ്ലിക്കേഷനായ 'മിദാദ്' വഴിയാണ് ചുവടുവയ്പ്പ്.
അധ്യാപനവും പഠനവും ലളിതവും ഫലപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മിദാദ്' സ്മാർട്ട് മദ്‌റസ പദ്ധതി രൂപകൽപ്പന ചെയ്തത്. ഒന്നര വർഷം പിന്നിടുമ്പോഴേക്കും 1800 ഓളം മദ്‌റസകളിൽ വിജയകരമായി നടപ്പാക്കി.രജിസ്റ്റർ ചെയ്ത എല്ലാ മദ്‌റസകൾക്കും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒന്നുമുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയ സമ്പൂർണ ഡിജിറ്റൽ കണ്ടന്റുകളാണ് മിദാദിലൂടെ ലഭ്യമാക്കുന്നത്.
ടി.വി റിമോട്ടോ മൗസോ ഉപയോഗിച്ച് ക്ലാസുകൾ അനായാസം കൈകാര്യം ചെയ്യാം. പാഠഭാഗങ്ങൾ അവതരിപ്പിക്കാൻ പി.പി.ടി സ്ലൈഡുകൾ, അക്ഷരങ്ങൾ കൃത്യമായി ഉച്ചരിക്കാൻ സഹായിക്കുന്ന ഓഡിയോ ക്ലിപ്പുകൾ, എഴുത്ത് പരിശീലന വീഡിയോകൾ എന്നിവയും മികവുറ്റതാക്കുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളിൽ പഠനതാൽപര്യവും മദ്‌റസാ വിദ്യാഭ്യാസത്തോട് ആഭിമുഖ്യവും വളർത്താൻ പദ്യങ്ങളും ഗദ്യങ്ങളും ഉൾപ്പെടുത്തിയ മനോഹരമായ ആനിമേഷനുകളും ഒരുക്കിയിട്ടുണ്ട്.
ഓരോ പാഠഭാഗവും കുട്ടികൾക്ക് ലളിതമായി മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന വീഡിയോകളും ഓഡിയോ സൗകര്യങ്ങളും ആപ്പിന്റെ സവിശേഷതയാണ്. ചരിത്രങ്ങളും ആരാധനാകർമങ്ങളും കുട്ടികളുടെ മനസ്സിൽ വേഗത്തിൽ പതിയാനായി ഗ്രാഫിക്സ് ചിത്രങ്ങളും വീഡിയോകളുമുണ്ട്. നിസ്കാര പരിശീലനത്തിനായി വീഡിയോ പ്രോഗ്രാമുകളുമുണ്ട്. പഠന പുരോഗതി വിലയിരുത്താൻ ക്വിസുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
ഗൂഗിൾ ടി.വികളിലും വിൻഡോസിലും പ്രവർത്തിക്കുന്ന മിദാദ് ആപ്ലിക്കേഷൻ ഇന്ററാക്ടീവ് പാനലുകളിലും ടി.വികളിലും കൂടുതൽ സൗകര്യപ്രദമാണ്. മറ്റു ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളുള്ള ടി.വികളിൽ ലാപ്ടോപ്പ്, ഡെസ്ക് ടോപ്പ്, മൊബൈൽ സ്ക്രീൻ ഷെയറിംഗിലൂടെ പ്രവർത്തിക്കും. ഐ.ഒ.എസ് പതിപ്പും വൈകാതെ ലഭ്യമാകും. സാങ്കേതിക വിദ്യകളുടെ ഈ സംവിധാനം വലിയ സ്വീകാര്യതയാണ് നേടുന്നത്.സാങ്കേതിക സഹായങ്ങൾക്ക്- 6238518441
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."