'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം; ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍
കാലിഫോര്‍ണിയ: സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്കെതിരെ മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ത്ഥികള്‍. ഇസ്‌റാഈല്‍ ഗവണ്‍മെന്റുമായുള്ള ഗൂഗിളിന്റെ കരാറിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. ചടങ്ങ് ബഹിഷ്‌ക്കരിച്ച് നൂറിലധികം വിദ്യാര്‍ത്ഥികള്‍ വേദി വിട്ട് പുറത്തുപോയി. ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കാനായി സുന്ദര്‍ പിച്ചൈ എഴുന്നേറ്റപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 'ഫ്രീ, ഫ്രീ ഫലസ്തീന്‍' എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സ്റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
ഇസ്‌റാഈല്‍ ഗവണ്‍മെന്റും ഗൂഗിളും ആമസോണും തമ്മിലുള്ള 1.2 ബില്യണ്‍ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കരാറായ 'പ്രോജക്റ്റ് നിംബസ്' (Project Nimbus)-മായി ബന്ധപ്പെട്ടായിരുന്നു ഈ പ്രതിഷേധം. ഗസ്സ യുദ്ധത്തില്‍ ഇസ്‌റാഈല്‍ ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ക്ക് ഈ പ്രോജക്റ്റ് പിന്തുണ നല്‍കുന്നുവെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. 'സ്റ്റാന്‍ഫോര്‍ഡ് സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍' ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഈ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.
അടുത്തകാലത്തായി പൊതുവേദികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് വിശദമായി സംസാരിക്കുന്ന മറ്റ് പല പ്രമുഖ സാങ്കേതികവിദ്യാ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി, പിച്ചൈ തന്റെ പ്രസംഗത്തില്‍ ഈ വിഷയം പരമാവധി ഒഴിവാക്കി. പകരം, 'ശുഭാപ്തിവിശ്വാസം' (Optimism) എന്ന പ്രമേയത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.
'ശുഭാപ്തിവിശ്വാസം തിരഞ്ഞെടുക്കൂ,' ബിരുദദാന ചടങ്ങില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. 'ഇന്നത്തെ വാര്‍ത്തകള്‍ കണ്ട് നമ്മള്‍ ജീവിക്കുന്നത് സമാനതകളില്ലാത്ത വെല്ലുവിളികള്‍ നിറഞ്ഞൊരു കാലഘട്ടത്തിലാണെന്ന് കരുതുക എളുപ്പമാണ്. എന്നാല്‍ ഓരോ തലമുറയും അവരുടേതായ രീതിയില്‍ കഷ്ടപ്പാടുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍ക്കുന്നത് എന്നെ സംബന്ധിച്ച് സഹായകരമാണ്. നമ്മള്‍ ബിരുദം നേടി പുറത്തിറങ്ങുന്ന ലോകം ഏതെന്ന് തിരഞ്ഞെടുക്കാന്‍ നമുക്കാവില്ല, എന്നാല്‍ നമ്മുടെ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണണമെന്ന് (Frame ചെയ്യാന്‍) തെരഞ്ഞെടുപ്പ് നമ്മുടേതാണ്.' പിച്ചൈ പറഞ്ഞു.
തന്റെ പഴയ സ്റ്റാന്‍ഫോര്‍ഡ് ക്യാംപസ് കാലഘട്ടവും അദ്ദേഹം പ്രസംഗത്തില്‍ ഓര്‍ത്തെടുത്തു. അക്കാദമിക് രംഗത്ത് തുടരുന്നതിന് പകരം കോര്‍പ്പറേറ്റ് മേഖലയില്‍ ഒരു ഔദ്യോഗിക ജീവിതം തിരഞ്ഞെടുക്കാനുണ്ടായ തീരുമാനത്തെക്കുറിച്ചും സംസാരിച്ചു.അതേസമയം, ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മറുപടി നല്‍കാതെ സുന്ദര്‍ പിച്ചൈ മൗനം പാലിക്കുകയാണുണ്ടായത്.
google ceo sundar pichai faced protests from students during stanford university’s graduation ceremony over google’s project nimbus deal with israel. more than 100 students reportedly walked out while chanting pro-palestine slogans.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."