ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ
ന്യൂഡൽഹി/മുംബൈ: ശിവസേനയിലെ പിളർപ്പിന് പിന്നാലെ എൻ.സി.പിയിലും ആശങ്ക. ഇതേ തുടർന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ശരദ്പവാർ എം.പിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ലോക്സഭയിലെ എട്ട് പേരും രാജ്യസഭയിലെ ഒരാളും ഉൾപ്പെടെ ആകെ ഒമ്പത് എം.പിമാരാണ് നിലവിൽ എൻ.സി.പി-എസ്.പിക്കുള്ളത് (NCP-SP).
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ യോഗം നടന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യാനും പാർട്ടി എം.പിമാരുമായി നേരിട്ട് ആശയവിനിമയം നടത്താനുമാണ് യോഗം ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശിവസേനയിലെ (യുബിടി) നിലവിലെ സംഭവവികാസങ്ങളോട് പവാർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന(യു.ബി.ടി)യെ പിളർത്താൻ ബി.ജെ.പി-ഷിൻഡെ വിഭാഗം നീക്കം സജീവമായതിനു പിന്നാലെ ഉദ്ധവ് വിഭാഗവും വിമത പക്ഷത്തെ 6 എം.പിമാരും വെവ്വേറെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമവിരുദ്ധമായ കൂറുമാറ്റം തടയണമെന്ന ആവശ്യം ഉന്നയിച്ചാണ് ഔദ്യോഗിക വിഭാഗം സ്പീക്കറെ കണ്ടത്.
ലോക്‌സഭാ എം.പിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജ്യസഭാ എം.പി സഞ്ജയ് റൗത് എന്നിവരാണ് ഉദ്ധവ് വിഭാഗത്തെ പ്രതിനിധീകരിച്ച് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം പാർട്ടിയിലെ 6 എം.പിമാർ സ്പീക്കറെ കണ്ട് തങ്ങളെ പ്രത്യേക ബ്ലോക്കായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി വിവരമുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് 6 എം.പിമാർ സ്പീക്കർക്ക് കത്ത് നൽകിയതായാണ് ഷിൻഡെ വിഭാഗം ശിവസേന അവകാശപ്പെടുന്നത്. വിമതപക്ഷത്തെ 6 എം.പിമാരും സംസ്ഥാന നിയമസഭയിലെ 16 എം.എൽ.എമാരും വൈകാതെ ഷിൻഡെ വിഭാഗത്തിൽ ലയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ അനിൽ ദേശായി, അരവിന്ദ് സാവന്ത്, രാജാഭൗ വാജെ എന്നീ ലോക്‌സഭാ എം.പിമാർ മാത്രമാണ് ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുള്ളത്.
ഇന്ന് ഡൽഹിയിൽ നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനായി എല്ലാ എം.പിമാർക്കും ഉദ്ധവ് വിഭാഗം വിപ്പ് നൽകിയിട്ടുണ്ട്. ലോക്‌സഭയിലെ പാർട്ടി വിപ്പ് അനിൽ ദേശായിയാണ് നിർദേശം നൽകിയത്. എം.പിമാർ നേരിട്ട് പങ്കെടുക്കണമെന്ന് നിർദേശിച്ചതായി സഞ്ജയ് റൗത് എം.പി പറഞ്ഞു. അതിനിടെ വിമത പക്ഷത്തെ എം.പിമാരെയും എം.എൽ.എമാരെയും അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ നേരിട്ട് അവരെ കാണുമെന്നാണ് വിവരം.
അതിനിടെ, പവാറിന്റെ ചെറുമകനും എം.എൽ.എയുമായ രോഹിത് പവാർ എക്സിലൂടെ വിമത എംപിമാർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
'മധ്യവർഗക്കാർക്ക് ജോലി നഷ്ടപ്പെടുന്നു, യുവാക്കൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നു, സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നു. ആരോഗ്യസംവിധാനം തകർച്ചയിലാണ്. എൽ നിനോയുടെ ആഘാതവും കുറഞ്ഞ മഴയും കാരണം കർഷകർ ദുരിതത്തിലാണ്, കുടിവെള്ള പ്രതിസന്ധിയുമുണ്ട്. എന്നാൽ ഇതിനിടയിൽ, എം.പിമാരെയും എം.എൽ.എമാരെയും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വിപണി തഴച്ചുവളരുകയാണ്,' അദ്ദേഹം കുറിച്ചു.
പാർട്ടി പിളർത്തിയവരും അത് തകർത്തവരും ഒരുപോലെ നാണിക്കേണ്ടതുണ്ട്. പൊതുജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നവരെ ജനാധിപത്യപരമായ രീതിയിൽ ജനങ്ങൾ പാഠം പഠിപ്പിക്കണം. ഇതാണ് ഈ സമയത്തിന്റെ ആവശ്യമെന്നും രോഹിത് കൂട്ടിച്ചേർത്തു.
ഇതിനിടയിൽ, എൻ.സി.പി (എസ്.പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്. ലയിക്കാനുള്ള നിർദ്ദേശം ശരദ് പവാർ നേരത്തെ തന്നെ മുന്നോട്ടുവെച്ചിരുന്നതായും ചില കാരണങ്ങളാലാണ് ഇതിൽ തീരുമാനം വൈകുന്നതെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ ഒരാഴ്ച മുമ്പ് അവകാശപ്പെട്ടിരുന്നു.തുടർന്ന് പടോലെയെ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം, ശരദ് പവാർ വിഭാഗം ലയന വാർത്തകൾ നിഷേധിച്ചിരിക്കുകയാണ്.
amid growing concerns after the split in shiv sena, ncp chief sharad pawar has called a meeting of party mps to discuss the political situation and future strategy in maharashtra.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."