നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി. പ്രസവത്തിനിടെ മുറിവ് തുന്നുന്നതില്‍ ഉണ്ടായ പിഴവിനെ തുടര്‍ന്ന് യുവതി ഒരു വര്‍ഷത്തിനിടെ ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നാണ് പരാതിയില്‍.
വിതുര സ്വദേശിനിയായ 23കാരി ഹസ്‌ന ഫാത്തിമയാണ് പരാതിക്കാരി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ആരോഗ്യവകുപ്പിന് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡോക്ടറുടെ പിഴവ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് വീണ്ടും വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഹസ്‌നയ്ക്ക് ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പോലും കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായി കുടുംബം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചികിത്സയ്ക്കായി ഏകദേശം 12 ലക്ഷം രൂപ ചെലവായതായും കുടുംബം വ്യക്തമാക്കി.
ഇതിനിടെ ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരേ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 2,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബിന്ദു സുന്ദര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.
പാലോട് സ്വദേശികളായ നിരഞ്ജന-ബിനില്‍ ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അന്നത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.
ഡോക്ടര്‍ക്കെതിരേ മുന്‍പും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും, എല്ലാ പരാതികളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രണ്ട് അന്വേഷണസംഘങ്ങളെയും ഇതിനായി നിയോഗിച്ചതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. നിലവിലെ പുതിയ പരാതിയിലും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Another medical negligence complaint has been raised against Dr. Bindu Sundar of Nedumangad District Hospital. The complaint alleges that a young woman had to undergo surgery six times in one year due to an error in suturing a wound during childbirth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."