ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗശ്രമത്തിനിടെ കൊല നടത്തിയെന്ന് പ്രതിയുടെ മൊഴി
പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32കാരിയായ അങ്കണവാടി ഹെൽപ്പറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. കേസിൽ കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതെന്നാണ് പ്രതിയുടെ മൊഴി.
തമിഴ്‌നാട് സ്വദേശിനിയായ യുവതി മീനാർ അങ്കണവാടിയിലെ ഹെൽപ്പറായിരുന്നു. ഗവിയിലായിരുന്നു താമസം. താമസസ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള വഴി പൂർണമായും വനത്തിലൂടെയാണ് കടന്നുപോകുന്നത്.
യുവതിയുടെ മൃതദേഹം വഴിമധ്യേയുള്ള തോട്ടിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നുകയും പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു.
അന്വേഷണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിയായ വിനോദ് യുവതിയെ പിന്തുടരുകയായിരുന്നുവെന്ന് കണ്ടെത്തി. യുവതിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ വനമേഖലയിൽ കുടിൽകെട്ടി താമസിച്ചിരുന്നതിന്റെ തെളിവുകളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഗവി–മീനാർ റോഡിൽ കാത്തുനിന്നാണ് ഇയാൾ യുവതിയെ ആക്രമിച്ചതെന്ന് അന്വേഷണസംഘം പറയുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ച പ്രതി, പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. യുവതിയോട് പ്രണയം തോന്നിയിരുന്നുവെന്നും സംസാരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും പ്രതി മൊഴി നൽകിയതായി പൊലിസ് അറിയിച്ചു.
യുവതിയെ പിടിച്ച് തള്ളിയപ്പോൾ തല കല്ലിൽ ഇടിച്ച് താഴേക്ക് വീണുവെന്നും, തുടർന്ന് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി വെളിപ്പെടുത്തിയതായി പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.
വനംവകുപ്പും പൊലിസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ് ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരേ നേരത്തേ കൊലപാതകശ്രമക്കേസും നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു.
വണ്ടിപ്പെരിയാർ പൊലിസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ പത്തനംതിട്ട പൊലിസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതിക്കൊപ്പം 13 വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്നും, സഹോദരിയുടെ മകളാണെന്നാണ് ഇയാൾ പറഞ്ഞതെന്നും പൊലിസ് അറിയിച്ചു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Police have confirmed that the case of a 32-year-old anganwadi helper found dead inside the forest in Gavi is a murder. Police said that Vinod, the tribal youth taken into custody in the case, has confessed to the crime. The accused stated that he killed the woman during an attempted rape and dumped her body into a stream.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."