ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ
ഷാർജ: ദുബൈയിലേക്കും തിരിച്ചുമുള്ള പ്രതിദിന യാത്രക്കാരുടെ യാത്രാക്ലേശം പൂർണ്ണമായി പരിഹരിക്കാൻ ലക്ഷ്യമിട്ട് 750 മില്യൺ ദിർഹത്തിന്റെ (ഏകദേശം 1700 കോടിയിലധികം രൂപ) വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയിൽ 5 പുതിയ പാലങ്ങളും ഒരു പ്രധാന തുരങ്കവും ഉൾപ്പെടുന്നു.
പ്രീകാസ്റ്റ് കോൺക്രീറ്റ് നിർമ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ച് സമാന്തരമായാണ് അഞ്ച് ഘട്ടങ്ങളുള്ള ഈ പദ്ധതി പുരോഗമിക്കുന്നത്.
പദ്ധതിയുടെ പ്രധാന ആകർഷണങ്ങളും വികസന ഘട്ടങ്ങളും
ദുബൈയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന അൽ താവൂൻ ഇടനാഴിയുടെ പുനർവികസനവും, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് നീളുന്ന അൽ ഖാൻ സ്ട്രീറ്റിന്റെ നവീകരണവുമാണ് ഈ ബൃഹത്തായ പദ്ധതിയുടെ കേന്ദ്രബിന്ദു.
1. അൽ താവൂൻ തുരങ്കം
അൽ താവൂൻ റൗണ്ട്എബൗട്ടിന് താഴെയായി 500 മീറ്റർ നീളത്തിലാണ് പുതിയ തുരങ്കം നിർമ്മിക്കുന്നത്. ഇരു ദിശകളിലേക്കും മൂന്ന് വരി പാതകളുള്ള ഈ തുരങ്കം വഴി വാഹനങ്ങൾക്ക് അൽ താവൂൻ സ്ട്രീറ്റിൽ നിന്ന് അൽ നഹ്ദ പാലത്തിലേക്കും ദുബൈയിലേക്കും തടസ്സമില്ലാതെ പ്രവേശിക്കാം. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 4,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സിഗ്നൽ കവലയും ഇതിനൊപ്പമുണ്ടാകും. നിർമ്മാണത്തിനായി താൽക്കാലികമായി മാറ്റിയ പ്രശസ്തമായ അൽ താവൂൻ റൗണ്ട് എബൗട്ട് സ്മാരകം, പദ്ധതി പൂർത്തിയാകുമ്പോൾ അതേ സ്ഥാനത്ത് പുനർനിർമ്മിക്കുമെന്ന് ഭരണാധികാരി ഉറപ്പ് നൽകിയിട്ടുണ്ട്.
2. അൽ നൂർ റോഡ് വികസനം
അൽ ഒറൂബ സ്ട്രീറ്റിൽ നിന്ന് തുടങ്ങി അൽ നഹ്ദ പാലം വഴി ദുബായിലേക്ക് നേരിട്ട് നീളുന്ന പുതിയ റൂട്ടാണിത്. ഷാർജയിലെ ജനവാസ-വാണിജ്യ മേഖലകളെ ദുബൈയുമായി ബന്ധിപ്പിക്കുന്ന മികച്ചൊരു ബദൽ പാതയായി ഇത് മാറും. ഈ വർഷം അവസാനത്തോടെ തന്നെ ഈ റോഡ് തുറന്നുകൊടുക്കാനാണ് തീരുമാനം.
3. അൽ ഖുലഫാഉ റാഷിദീൻ ഇന്റർസെക്ഷൻ നവീകരണം
നിലവിലുള്ള പാലത്തിന് താഴെയായി ബോക്സ് കൽവെർട്ടുകൾ നിർമ്മിച്ച് ഇരു ദിശകളിലേക്കും രണ്ട് അധിക പാതകൾ കൂടി കൂട്ടിച്ചേർക്കും. കൂടാതെ ഗമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലേക്ക് പ്രവേശനം നൽകുന്ന 315 മീറ്റർ സ്ലിപ്പ് ബ്രിഡ്ജും (Slip Bridge), അൽ ഇത്തിഹാദ് റോഡിൽ നിന്ന് അൽ ഖാൻ സ്ട്രീറ്റിലേക്കുള്ള പുതിയ പ്രവേശന കവാടവും ഈ ഘട്ടത്തിൽ ഒരുങ്ങും.
4. വ്യവസായിക മേഖലകളിലെ പുതിയ പാലങ്ങൾ
ഇൻഡസ്ട്രിയൽ സ്ട്രീറ്റ് 1, 2: ദുബൈയിൽ നിന്ന് വരുന്ന ഗതാഗതം സുഗമമാക്കാൻ 130 മീറ്റർ നീളമുള്ള രണ്ട് പുതിയ പാലങ്ങൾ നിർമ്മിക്കും. മലേഹ റോഡ്, ശൈഖ് ഖലീഫ ബിൻ സായിദ് റോഡ്, അൽ വാസെറ്റ് റോഡ് എന്നിവടങ്ങളിലേക്ക് പോകുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
ഇൻഡസ്ട്രിയൽ സ്ട്രീറ്റ് 3: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖാൻ സ്ട്രീറ്റ്, അൽ ഇത്തിഹാദ് റോഡ് എന്നിവയെ തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ഇവിടെ രണ്ട് പുതിയ പാലങ്ങളും കൽവെർട്ടും നിർമ്മിക്കും. 2.7 കിലോമീറ്റർ നീളമുള്ള ഈ ഭാഗത്തിന് മണിക്കൂറിൽ 5,200 വാഹനങ്ങളെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും.
5. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർചേഞ്ച്
ഹൈവേയ്ക്കും അൽ താവൂൻ, അൽ ഖാൻ, അൽ ബുഹൈറ ജില്ലകൾക്കുമിടയിൽ വേഗത്തിലുള്ള പ്രവേശനം സാധ്യമാക്കാൻ നിലവിലുള്ള ഇന്റർചേഞ്ച് പൂർണ്ണമായി പുതുക്കിപ്പണിയും. ഇത് അൽ ഇത്തിഹാദ് റോഡിലെ തിരക്ക് ഗണ്യമായി കുറയ്ക്കും.
"ഞങ്ങൾ ഈ ഉൾപ്രദേശങ്ങൾ ഞങ്ങളുടെ അയൽക്കാർക്കായി തുറന്നുകൊടുക്കുകയാണ്. ഷാർജ എമിറേറ്റ് അതിലേക്ക് വരുന്ന എല്ലാവരെയും സ്വീകരിക്കുന്നൊരു സ്ഥലമാണ്." ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജൂൺ 13 മുതൽ അൽ താവൂൻ സ്ട്രീറ്റിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബൈ, അൽ നഹ്ദ പാലം എന്നിവടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിൽ അൽ കോർണിഷ് സ്ട്രീറ്റ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. അൽ നഹ്ദ പാലത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതുതായി വികസിപ്പിച്ച അൽ താവൂൻ സ്ട്രീറ്റ് വഴി കടന്നുപോകണം.
പദ്ധതി പൂർത്തിയാകുന്നതോടെ അൽ മജാസ്, അൽ നഹ്ദ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിയുകയും, ഷാർജ എക്സ്പോ സെന്റർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാകുകയും ചെയ്യും.
Sharjah has unveiled a Dh750 million road development project aimed at reducing travel time to Dubai, easing traffic congestion, improving connectivity, and supporting the emirate's growing population.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."