ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്
തിരുവനന്തപുരം: ഭരണത്തിൽ വിസ്മയം തീർക്കാനുറച്ച് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ഇന്ദിരാ ഗ്യാരന്റി, ക്ഷേമ പെൻഷൻ വർധന, കോളജ് വിദ്യാർഥിനികൾക്ക് ധനസഹായം, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവസംരംഭകർക്ക് പലിശരഹിത വായ്പ തുടങ്ങി പ്രതീക്ഷകൾ ഏറെ നൽകുന്ന ബജറ്റ് ഇന്ന് നിയമസഭയിൽ ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിക്കും.
കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ എത്തുന്ന ബജറ്റ് ആയതിനാൽ, സർക്കാർ ജനങ്ങൾക്ക് അമിതഭാരം നൽകാതെ എങ്ങനെ അധികവരുമാനം കണ്ടെത്തുമെന്നത് ശ്രദ്ധേയമാകും.
എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബജറ്റിൽ അന്നത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആകെ വരുമാനമായി പ്രതീക്ഷിച്ചിരുന്നത് 1.84 ലക്ഷം കോടി രൂപയായിരുന്നു. ചെലവ് 2.39 ലക്ഷം കോടിയും. വരവും ചെലവും തമ്മിൽ 55,419 കോടിയുടെ വ്യത്യാസമുള്ളതിനാൽ അത്രയും തുക റിസർവ് ബാങ്ക് വഴി പൊതുവിപണിയിൽനിന്നു കടമെടുക്കാമെന്നും കണക്കുകൂട്ടിയിരുന്നു. ബജറ്റിൽ ലക്ഷ്യമിട്ടതുപോലെ ശമ്പളവും പെൻഷനും പലിശയും മറ്റു ഭരണച്ചെലവുകളും യഥാസമയം നൽകാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ കേന്ദ്രത്തിൽനിന്നുള്ള 14,317 കോടി രൂപ കിട്ടില്ലെന്ന് ഉറപ്പായി. കേന്ദ്ര നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ 5,000 കോടിയും കുറയും. ഇതോടെ വരുമാനത്തിൽ 20,000 കോടിയാണ് ആകെ കുറയുന്നത്. ശമ്പളവും പെൻഷനും പലിശയും നൽകാനും ദൈനംദിന ഭരണം നടത്താനുള്ള പണവും കഴിഞ്ഞാൽ വികസന പദ്ധതികൾക്കായി ബജറ്റിൽ ബാക്കിയുള്ളത് 33,000 കോടി രൂപയാണ്. അതിൽ 20,000 കോടി നഷ്ടപ്പെടുന്നതോടെ 13,000 കോടി രൂപയുമായി മുന്നോട്ടു പോകാൻ ബജറ്റിലൂടെ വിസ്മയംതീർത്തേ മതിയാകൂ.
സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാകും വി.ഡി സതീശൻ. ആർ.ശങ്കറാണ് ആദ്യമായി കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി. ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ രാജിയെ തുടർന്ന് 2016-17 വർഷത്തെ ബജറ്റ് അവതരിപ്പിച്ചത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആയിരുന്നു.
ഏറ്റവും വലിയ ആകാംക്ഷ കിഫ്ബിയിൽ
കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കിഫ്ബിയിൽ (KIIFB) വരാൻ പോകുന്ന മാറ്റങ്ങളാണ് ഈ ബജറ്റിലെ പ്രധാന ആകാംക്ഷ. കിഫ്ബിയുടെ ഘടനയിലും തുടർപ്രവർത്തനങ്ങളിലും വലിയ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക അച്ചടക്കത്തിന് മുൻഗണന നൽകുന്നതിനാൽ വൻകിട പദ്ധതികൾക്കുള്ള പ്രഖ്യാപനങ്ങൾ ഇത്തവണ കുറവായിരിക്കാനാണ് സാധ്യത. അതേസമയം, ജനങ്ങൾക്ക് മേൽ അമിത നികുതിഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കായിരിക്കും സർക്കാർ മുൻഗണന നൽകുക.
പ്രധാന പ്രതീക്ഷകൾ
വമ്പൻ പ്രഖ്യാപനങ്ങൾ: തീരദേശ സംരക്ഷണവും വികസനവും ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' ഉൾപ്പെടെയുള്ള പ്രധാന പ്രഖ്യാപനങ്ങൾക്ക് സാധ്യത.
ജനപ്രിയ വാഗ്ദാനങ്ങൾ: യുഡിഎഫ് തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവെച്ച 'ഇന്ദിരാ ഗാരന്റികൾ' നടപ്പാക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ.
ജീവനക്കാർക്കും പെൻഷൻകാർക്കും: സർക്കാർ ജീവനക്കാരുടെ ഡി.എ (ക്ഷാമബത്ത) വർധന, ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർധനവ് എന്നിവയിലുള്ള അന്തിമ തീരുമാനം.
നിയമ നിർമ്മാണം: സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന നിർണായക പൊളിച്ചെഴുത്തുകൾ.
ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങളെ പിണക്കാതെ, എന്നാൽ ഖജനാവിലേക്ക് പണം എത്തിക്കാനുള്ള സതീശൻ സർക്കാരിന്റെ 'ബാലൻസിങ് ആക്ട്' ആയിരിക്കും ഇന്നത്തെ ബജറ്റ്. മറുപടി പ്രസംഗങ്ങളിലും ചർച്ചകളിലും വരും ദിവസങ്ങളിൽ സഭ കലുഷിതമാകാൻ പോകുന്നതിന്റെ ദിശാസൂചിക കൂടിയാകും ഇന്നത്തെ ധനകാര്യ പ്രഖ്യാപനങ്ങൾ.
The upcoming budget presentation by the Finance Minister (Satheesan) is generating intense public interest, particularly regarding the potential implementation of the promised Indira Guarantee welfare scheme and an increase in social security pensions. Presented against the backdrop of a severe financial crisis, the budget is expected to balance these highly anticipated public welfare announcements with the harsh reality of fiscal constraints.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."