കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ; കാമുകനെതിരേ കേസ്, യുവാവ് ഒളിവില്‍
കണ്ണൂര്‍: അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരേ പൊലിസ് കേസെടുത്തു. കണ്ണൂര്‍ മനേക്കര സ്വദേശിയായ യുവാവിനെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും പൊലിസ് അറിയിച്ചു.
മൊകേരി വള്ളങ്ങാട് സ്വദേശിനിയും കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപികയുമായ ആദിത്യ (28)യാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ആദിത്യ കഴിഞ്ഞ ദിവസം വൈകിട്ടാണ് മരിച്ചത്.
ആദിത്യയുടെ അമ്മ ഉദയ ജൂണ്‍ 15ന് പൊലിസില്‍ നല്‍കിയ പരാതിയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് കാമുകന്‍ ആദിത്യയെ മര്‍ദിച്ചുവെന്നും, അതുമൂലമുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.
മര്‍ദന സംഭവം നടന്നതിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ്, ജൂണ്‍ 14ന് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പ്രണയബന്ധത്തിനിടെ യുവാവില്‍ നിന്ന് ആദിത്യയ്ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ആദിത്യയുടെ ബന്ധുവായ വിനോദ് ആവശ്യപ്പെട്ടു. യുവാവ് പലതവണ ആദിത്യയെ മര്‍ദിച്ചിരുന്നതായും യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കേസില്‍ പ്രതിയായ യുവാവിനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Aaditya Anilkumar (28) from Panur, Kannur, died after attempting suicide due to alleged mental distress caused by her boyfriend's assault.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."