യു.എസ്-ഇറാൻ സമാധാന ചർച്ച ഇന്ന് നടക്കില്ല; വീണ്ടും അനിശ്ചിതത്വം
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടക്കാനിരുന്ന യു.എസ്-ഇറാൻ സമാധാന ചർച്ച റദ്ദാക്കി. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ജനീവയിലേക്കുള്ള തന്റെ യാത്രാ പദ്ധതികൾ റദ്ദാക്കിയതോടെ, ശാശ്വതമായ ഒരു വെടിനിർത്തൽ സാധ്യമാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം വർധിച്ചിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്കാണ് ഈ പിന്മാറ്റം തിരിച്ചടിയായത്.
കരാർ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു വാൻസിന്റെ സന്ദർശനം നിശ്ചയിച്ചിരുന്നത്. "ഈ ചർച്ചകളുടെ മുന്നൊരുക്കങ്ങൾ ഒരിക്കലും ലളിതമോ മുൻകൂട്ടി പ്രവചിക്കാവുന്നതോ ആയിരുന്നില്ല"- വൈറ്റ് ഹൗസ് വക്താവ് വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതികൾക്ക് അന്തിമരൂപം ലഭിച്ചാലുടൻ തിരിക്കാൻ വാൻസും യു.എസ് പ്രതിനിധി സംഘവും സന്നദ്ധരായിരുന്നു.
ബർഗൻസ്റ്റോക്ക് മലമുകളിലെ റിസോർട്ടിൽ വെച്ച് നടക്കാനിരുന്ന ചർച്ചകൾ ഉണ്ടാകില്ലെന്ന് സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. അതേസമയം ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുമില്ല. ചർച്ചകളിൽ നിന്ന് പിന്മാറാനുണ്ടായ കൃത്യമായ കാരണത്തെക്കുറിച്ച് വൈറ്റ് ഹൗസോ ചർച്ച മാറ്റിവെച്ചതിനെ കുറിച്ച് സ്വിസ് അധികൃതരോ ഇതുവരെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച ഒപ്പുവെച്ച 14 ഇന കരാർ വഴി താൽക്കാലിക വെടിനിർത്തൽ കാലാവധി കുറഞ്ഞത് 60 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. പിന്നാലെ, സാങ്കേതിക ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്ന് ഇറാൻ അറിയിക്കുകയും ചെയ്തതാണ്. ചർച്ചകൾ റദ്ദാക്കിയതിനോട് ഇറാൻ ഇതുവരെ ഉടനടി പ്രതികരിച്ചിട്ടില്ല.
അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചർച്ചയാണ് അവസാന നിമിഷം റദ്ധാക്കിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കാത്തിരിക്കുകയാണ് ലോകം. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പിട്ടെങ്കിലും ഇസ്രാഈൽ ഇപ്പോഴും ലബനാനിൽ ആക്രമണം തുടരുന്നത് സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടുമുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ അതിനു തയാറായിട്ടില്ല. ഇറാൻ-യു.എസ് ധാരണാപത്രത്തെ വിമർശിച്ച ഇസ്രായേലിനെതിരെ ജെ.ഡി വാൻസ് പരസ്യമായി രംഗത്ത് വന്നത് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള നയപരമായ ഭിന്നത രൂക്ഷമായിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."